നല്ല കഥകളും സംവിധായകരുമുണ്ട്, പക്ഷേ മലയാളത്തിൽ  സ്ത്രീകൾക്ക് റോളുകളില്ല: മാളവിക മോഹനൻ

മലയാളത്തിൽ സ്ത്രീ പ്രാധാന്യമുളള സിനിമകൾ കുറവാണെന്ന് നടി മാളവിക മോഹനൻ. ഷീലാമ്മ, ശോഭന, മഞ്ജു വാര്യർ എന്നിവർക്ക് കിട്ടിയത് പോലുളള അവസരങ്ങൾ ഇപ്പോഴില്ലെന്നും മാളവിക പറയുന്നു. ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വ്യക്തമാക്കുന്നത്.

മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013ൽ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ മമ്മൂക്ക ചോദിച്ചു, അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന്. അങ്ങനെയാണ് പട്ടംപോലെയിൽ ദുൽഖറിന്റെ നായികയാവുന്നത്. പിന്നീട് നിർണായകത്തിലും ​ഗ്രേറ്റ് ഫാ​ദറിലും അഭിനയിച്ചു. അതിനുശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകൾക്ക് പ്രാധാന്യമുളള സിനിമകൾക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യർ എന്നിവർക്ക് കിട്ടിയത് പോലുളള അവസരങ്ങൾ ഇപ്പോഴില്ല.

മലയാളത്തിൽ നല്ല കഥകൾ ഉണ്ടാവുന്നുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. പക്ഷേ സ്ത്രീകൾക്ക് റോളുകളില്ല. പാർവതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. നല്ല അവസരങ്ങൾ കിട്ടിയാൽ ഇനിയും മലയാളത്തിൽ അഭിനയിക്കും.