'അടുത്ത് തന്നെ തിരിച്ച് എത്താനാകും എന്നാണ് വിചാരിക്കുന്നത്...'; ആര്യയ്ക്ക് എന്തുപറ്റി? സോഷ്യല്‍ മീഡിയയില്‍ കാരണം തിരഞ്ഞ് ആരാധകര്‍

സോഷ്യല്‍ മീഡിയയോട് വിട പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താല്‍ക്കാലികമായി താന്‍ സോഷ്യല്‍ മീഡിയയോട് വിട പറയുകയാണ് എന്ന് ആര്യ അറിയിച്ചത്. കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

“”സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുകയാണ്. അടുത്ത് തന്നെ തിരിച്ച് എത്താനാകുമെന്നാണ് വിചാരിക്കുന്നത്… എല്ലാവരും സുരക്ഷിതരായിരിക്കൂ..”” എന്നാണ് ആര്യയുടെ വാക്കുകള്‍. എന്തു കൊണ്ടാണ് വിട പറയുന്നത് എന്ന കാരണം താരം വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെ ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആര്യ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു. തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവവും അതില്‍ നിന്നും രക്ഷപ്പെട്ടതുമെല്ലാം ആര്യ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സ്വന്തമായൊരു ബൊട്ടീകും സാരികളുടെ ഒരു ബ്രാന്‍ഡും നടത്തുന്നുണ്ട് ആര്യ.

ചിയാരോ എന്ന ഒരു സിനിമയിലൂടെ താന്‍ ആദ്യമായി നായികയായി എത്തുകയാണ് എന്നും ആര്യ അറിയിച്ചിരുന്നു. വെള്ളിത്തിരയിലെ വേഷം എന്നും സ്വപ്‌നമാണ്. ദൈവാനുഗ്രഹത്തില്‍ ഒരു നായിക വേഷം ചെയ്യുകയാണ്. തന്റെ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ് എന്നും ആര്യ വ്യക്തമാക്കിയിരുന്നു.