ആനയുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആന്റണി വർഗീസിന് പരിക്ക്; സംഭവം 'കാട്ടാള'ന്റെ തായ്‌ലാന്റിലെ സെറ്റിൽ

കാട്ടാളൻ സിനിമയുടെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ നടൻ ആന്റണി വർഗീസിന് പരിക്ക്. ആന്റണി വർഗീസും ആനയുമായുള്ള വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. മാർക്കോ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

Read more

ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാൻവാസിൽ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതെന്നും സൂചനയുണ്ട്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്.