'ആവേശം' കൊണ്ട് മലയാളികള്‍, രംഗണ്ണനെ കാണാന്‍ പ്രേക്ഷകര്‍; പിന്നാലെ 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും, പ്രീസെയ്ല്‍ കണക്കുകള്‍ പുറത്ത്

മോളിവുഡിലെ വിജയതരംഗം പിന്തുടരാന്‍ ‘ആവേശ’വും ‘വര്‍ഷങ്ങള്‍ക്ക് ശേഷ’വും ‘ജയ് ഗണേഷും’. വിഷു റിലീസ് ആയാണ് ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷ് എന്നീ മൂന്ന് സിനിമകള്‍ എത്താന്‍ പോകുന്നത്.

ഈ ചിത്രങ്ങള്‍ക്ക് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആവേശം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ റിലീസ് സെയിലില്‍ 50 ലക്ഷവും 390 ഷോകളുമാണ് ആവേശത്തിന് ലഭിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് 375 ഷോകളും 33 ലക്ഷവുമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജയ് ഗണേഷിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഏത് സിനിമയാകും കേരളത്തില്‍ ഏറ്റവും വലിയ വിജയം നേടുക എന്നതില്‍ വ്യക്തതയായിട്ടില്ല.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഹൃദയം സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രം എന്നാണ് നേരത്തെ പുറത്തെത്തിയ ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നത്.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു സൂപ്പര്‍ ഹീറോയുടെ കഥയാകും ചിത്രം പറയുക എന്നാണ് സൂചനകള്‍. പഴയകാല ഹിറ്റ് നടി ജോമോള്‍ തിരിച്ചെത്തുന്ന ചിത്രമാണിത്. ക്രിമിനല്‍ വക്കീല്‍ ആയാണ് ചിത്രത്തില്‍ നടി വേഷമിടുന്നത്.

Read more