റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 60 കോടി നേടി ആമിർ ഖാൻ ചിത്രം ‘സിത്താരെ സമീൻ പർ’. ആർഎസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇതോടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ആമിർ ഖാൻ.
തന്റെ ചിത്രം തിയറ്റർ റൺ തീരും മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകില്ലെന്ന് ആമിർ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നൂറ് കോടിയലധികം വരുന്ന ആമസോൺ പ്രൈമിന്റെ ഡീലും താരം നിരസിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് മാത്രമേ സിനിമ ഒടിടിയ്‌ക്കോ ടെലിവിഷൻ ചാനലുകൾക്കോ നൽകുകയുള്ളൂ എന്നും തന്റെ സിനിമ തിയറ്ററുകൾക്കായുള്ളതാണെന്നുമാണ് ആമിർ പറഞ്ഞത്.
ആദ്യ ദിവസം 10.7 കോടി, പിന്നീടുള്ള ശനി, ഞായർ ദിവസങ്ങളിൽ 20.2 കോടി, 27.25 കോടിയുമാണ് ആചിത്രം നേടിയത്. തിങ്കാള്ച സിനിമ ഏറ്റവും കുറഞ്ഞ കളക്ഷൻ നേടി. ഇന്നലെ 8.5 കോടിയാണ് നേടിയത്.
2018 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കാണ് സിത്താരെ സമീൻ പർ. ജെനിലീയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ആമിറിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ താരെ സമീൻ പറിന്റെ സ്പിരിച്വൽ സീക്വൽ ആണ് സിത്താരെ സമീൻ പർ. ആമിറിനൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് ചിത്രത്തിൽ.