പ്രതിസന്ധികളെ തരണം ചെയ്‌തത്‌ ആടുജീവിതം റിലീസിന് എത്തുമ്പോൾ...

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2018 മാർച്ചിലാണ് ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നാലര വര്‍ഷം നീണ്ടുനിന്ന ചിത്രീകരണം 2022 ജൂലൈ 14നാണ് പൂർത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോൾ.

സിനിമയുടെ ആദ്യ ഘട്ടങ്ങൾ, സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണം എന്നിവ വെളിപ്പെടുത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ബ്ലെസിയും സംഘവും. ആടുജീവിതത്തിന്റെ പൂജ വീഡിയോയും ബ്ലെസി പങ്കുവച്ചിട്ടുണ്ട്. ആടുജീവിതം എന്ന നോവൽ സിനിമയായതിന് പിന്നിലെ ഓർമകളെക്കുറിച്ച് പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിനും വിഡിയോയിൽ മനസുതുറക്കുന്നുണ്ട്. ആടുജീവിതം സിനിമയാക്കാനുള്ള മോഹവുമായി സംവിധായകന്‍ ബ്ലെസി തന്നെ വിളിച്ചിരുന്നുവെന്നും നോവൽ വായിച്ച സന്തോഷത്തിലായിരുന്നു ആ വിളിയെന്നും ബെന്യാമിന്‍ പറയുന്നു.

2018 മാർച്ചിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിൽ ആരംഭിച്ച ഷൂട്ടിങ് പിന്നീട് പാലക്കാടുമെത്തി. അതേ വർഷം ജോർദാനിലും 30 ദിവസത്തോളം ചിത്രീകരണം നടന്നു. പിന്നീട് 2019-ൽ ജോർദാനിൽ പോകാനിരുന്നുവെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ചിത്രീകരണം മാറ്റിവച്ചു. അതിനുശേഷം 2020 ലാണ് ജോർദാനിൽ എത്തുന്നത്. സിനിമയ്ക്കായി അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു. ഈ സമയത്ത് സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം ജോർദാനിൽ വച്ച് ചിത്രീകരിച്ചിരുന്നു.

ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ തിരികെ കൊച്ചിയിലെത്തിയത്. എന്നാൽ കോവിഡ് വ്യാപനം കാരണം പിന്നീട് ഒരു വർഷം ഷൂട്ടിങ് നടന്നില്ല. അതേസമയം, പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.2022 മാര്‍ച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിലായി ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാൽ ചിത്രീകരണം തടസപ്പെട്ടു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ഷൂട്ടിങ് പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ പുനരാരംഭിച്ചു. തുടർന്ന് നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ചിത്രീകരണം നടന്നു. 2022 ജൂൺ പതിനാറിന് പൃഥ്വിരാജ് തിരികെ നാട്ടിലെത്തി. ഇത് കൂടാതെ മരുഭൂമി, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെയുള്ള ചിത്രീകരണ വെല്ലുവിളികളും ഏറെയുണ്ടായിരുന്നു.

നിരവധി പ്രതിസന്ധികളിലൂടെയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം കടന്നുപോയത്. എന്നാൽ പ്രതിസന്ധികളെയെല്ലാം മറികടന്ന് ഒടുവിൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവുകയായിരുന്നു. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതം എന്ന പുസ്തകത്തിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ ഒരു അഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി വലിയ മേക്കോവർ തന്നെയാണ് പൃഥ്വി നടത്തിയിരുന്നത്. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്കിച്ച നായകന്റെ രൂപത്തിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more

കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നതും മനുഷ്യക്കടത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന മറ്റൊരു മുഖം വെളിപ്പെടുത്തുന്നതുമാണ് ആടുജീവിതത്തിന്റെ കഥാപരിസരം. അമലാ പോള്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. എ.ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. ആടുജീവിതം ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.