ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആശാ ശരത്ത്. ഐജി ഗീത പ്രഭാകറായെത്തി തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ആശ ശരത്ത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ എന്ന സിനിമയുടെ ചില രംഗങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. സ്‌കൂളിൽ പഠിക്കുന്ന മകൾക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാൻ ശ്രമിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്.
2022 ലാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും ചിത്രത്തിലെ വ്യത്യസ്തതയാർന്ന അഭിനയത്തിലൂടെ ഇപ്പോഴാണ് ആശ ശരത്ത് മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം തകർന്ന കുടുംബജീവിതങ്ങളെ പ്രമേയമാക്കി മനോജ് കാനയാണ് ‘ഖെദ്ദ’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാനയാണ്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നും മനോജ് കാന. അതേസമയം ആശാ ശരത്തിന്റെ മകൾ ഉത്തരയും സിനിമയിലെ പ്രധാന കഥാപാത്രമാണ്.
സബിത സബിത എന്ന കഥാപാത്രത്തെയാണ് ആശ ശരത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്തം മുഴുവൻ തോളിലേന്തി അസംതൃപ്തമായ ദാമ്പത്യ ജീവിതം നയിക്കുന്ന വീട്ടമ്മയാണ് സബിത. ടീനേജുകാരിയായ മകളെ പഠിപ്പിക്കുന്നത് ഉൾപ്പെടെ ഒന്നിലും ശ്രദ്ധിക്കാതെ മുഴുക്കുടിയനായി ജീവിക്കുന്നയാളാണ് സബിതയുടെ ഭർത്താവ് രവീന്ദ്രൻ. കുടുംബപ്രശ്‌നങ്ങൾ തലയിലേറ്റി ടെൻഷൻ അടിക്കുന്നതെന്തിനാണ് എന്നാണ് അയാൾ ചോദിക്കുന്നത്. അംഗൻവാടി ടീച്ചറായും അച്ചാറുകൾ കടകളിൽ കൊണ്ട് വിറ്റും സമയം കിട്ടുമ്പോൾ തുണികൾ തയ്ച്ചും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന സബിതക്ക് ഭർത്താവിനെ പുച്ഛമാണ്. അവർക്കിടയിൽ സ്നേഹബന്ധത്തിനും പ്രസക്തിയില്ല.
മകളോടുള്ള സ്നേഹം മാത്രമാണ് സബിതയെ മുന്നോട്ട് നയിക്കുന്നത്. സ്‌കൂളിലെ റാങ്ക് പ്രതീക്ഷയാണ് സബിതയുടെ മകൾ ഐശ്വര്യ. പെട്ടെന്നൊരു ദിവസം ഐശ്വര്യയ്ക്ക് പഠനത്തിൽ ശ്രദ്ധ കുറയുന്നു. ഇത് മനസ്സിലാക്കിയ അധ്യാപകർ അമ്മയെ വിളിച്ച് കാര്യം പറയുന്നു. ഒരു ഞെട്ടലോടെ ആണ് മകളുടെ സ്വഭാവത്തിലെ വ്യത്യാസം അമ്മ മനസ്സിലാക്കുന്നത്. മകളുടെ കയ്യിൽ പെട്ടെന്ന് ഒരു ദിവസം ഒരു മൊബൈൽ ഫോൺ കണ്ടത് ആ അമ്മയെ തകർത്തുകളഞ്ഞു. സബിതയ്ക്ക് ആശ്രയിക്കാനോ സങ്കടം പറഞ്ഞു കരയാനോ ആരുമില്ല.
ഒടുവിൽ മകളെ ചതിക്കുന്നവൻ ആരെന്ന അന്വേഷണം ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലാണ് ആ അമ്മയെ കൊണ്ടെത്തിച്ചത്. ആ അന്വേഷണത്തിനൊടുവിൽ സബിത കെട്ടിപ്പൊക്കിയ കുഞ്ഞു ജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു. മകളുടെ കാമുകനുമായി അമ്മ അടുപ്പത്തിലാകുന്നു. എന്നാൽ പരസ്പരം ഇവർ ഇത് അറിയുന്നുമില്ല. ഇങ്ങനെയാണ് കഥ പോകുന്നത്. ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹത്തിൽ ഏറെ സ്വാധീനം ചൊലുത്തുന്നുണ്ട് ഈ സിനിമ. യഥാർത്ഥത്തിൽ ഇത്തരം സാഹചര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ വളരെ മികച്ച രീതിയിലാണ് ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നതും.







