ഒടുവിൽ 'പരാശക്തി'ക്ക് പ്രദർശനാനുമതി; നാളെ തിയേറ്ററുകളിലെത്തും

ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഞായറാഴ്ച റിലീസിനെത്തും. ശനിയാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. U/A സർട്ടിഫിക്കറ്റാണ് സിനിമക്ക് നൽകിയത്.

വിജയ്‌യുടെ ജനനായകൻ സിനിമയ്ക്ക് പിന്നാലെ ‘പരാശക്തി’യുടെയും പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.
ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു.

ഇവ കൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നായിരുന്നു സെൻസർ ബോർഡ് നിരീക്ഷണം.