'എ.ഡി നാലാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക്കിന്റെ വാട്ടർ കാനോ?'; കാന്താര ചാപ്റ്റർ 1'ന്റെ ഗാനത്തിനിടയിലെ അബദ്ധം ചൂണ്ടിക്കാണിച്ച് പ്രേക്ഷകർ

ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 വൻ പ്രശംസ നേടികൊണ്ട് ആദ്യ ആഴ്ചയിൽ തന്നെ 500 കോടി കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം എത്തിയത്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റർ 1 മറികടന്നത്. റിലീസ് ചെയ്തതുമുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.

എന്നാൽ ചിത്രത്തിലെ ബ്രഹ്മകലശ എന്ന ഗാനത്തിലെ ഒരു പിശക് പ്രേക്ഷകർ കണ്ടെത്തിയതോടെ ട്രോളുകൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. 20 ലിറ്ററിന്റെ ഒരു പ്ലാസ്റ്റിക് വാട്ടർ കാൻ ഗാനത്തിനിടെ കണ്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

എ.ഡി. നാലാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെ കാലത്താണ് സിനിമ നടക്കുന്നത്. ആ കാലത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലായിരുന്നുവെന്നതാണ് കാലിയാക്കലുകൾക്ക് കാരണമാകുന്നത്. കദംബരാണ് ആദ്യമായി പ്ലാസ്റ്റിക് വാട്ടർ ക്യാനുകൾ ഉപയോഗിച്ചതെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്, ബിസ്ലേരിയുമായി പണമടച്ചുള്ള പങ്കാളിത്തം എന്നൊക്കെയുള്ള കമന്റുകളാണ് അവരുന്നത്. സംഭവത്തിൽ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിരവധി നെറ്റിസൺമാർ ഈ തെറ്റിനെ ഗെയിം ഓഫ് ത്രോൺസിന്റെ കുപ്രസിദ്ധമായ സ്റ്റാർബക്സ് കപ്പ് സംഭവവുമായി താരതമ്യം ചെയ്തു. 2019ലെ ഫാന്റസി പരമ്പരയുടെ ഒരു എപ്പിസോഡിനിടെ ആഗോള ശൃംഖലയിൽ നിന്നുള്ള ഒരു കോഫി കപ്പ് അബദ്ധത്തിൽ മേശപ്പുറത്ത് വച്ചതായിരുന്നു സംഭവം.

അതേസമയം, ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രുക്മിണി വസന്ത് , ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Read more