സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷം, അരങ്ങ് അടക്കിവാണ് ജയറാമേട്ടന്‍: രമേശ് പിഷാരടി

മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ജയറാം.  ഇപ്പോഴിതാ ജയറാമിനെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെ വാക്കുകളും അദ്ദേഹം പങ്കുവച്ച വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

‘പൊന്നിയിൻ സെൽവന്റെ’ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് തെന്നിന്ത്യൻ താങ്ങളടങ്ങുന്ന വേദിയിലെ ജയറാമിന്റെ മിമിക്രി പ്രകടനം. സിനിമയിലെത്തിയിട്ട് മുപ്പത് വർഷമായിട്ടും ഒരു വേദിയിൽ പോലും മിമിക്രി ടച്ച് വിട്ട് പോയെന്ന് ജയറാം പറയുന്നത് താൻ കേട്ടിട്ടില്ലെന്നും  രമേശ് പിഷാരടി വീഡിയോയ്‌ക്കൊപ്പം ഫെയ്സ് ബുക്കിൽ കുറിച്ചു.

‘സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. ഇന്ന് വരെ ഒരു വേദിയിൽ ‘ടച്ച് വിട്ടു പോയി’ എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും, അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ’ രമേശ് പിഷാരടി കുറിച്ചു.

പൊന്നിയിൻ സെൽവനിൽ ആഴ്‌വാർ കടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.  സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള മേക്ക്ഓവറാണ് ജയറാം നടത്തിയത്. ചിത്രം 30ന് തിയേറ്ററുകളിൽ എത്തും.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയൻ സെൽവൻ എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളൻ ഒന്നാമന്റെ കഥയാണ് നോവൽ പറയുന്നത്. മണിരത്‌നവും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.