അല്ലു അർജുൻ മലയാളികളുടെ മല്ലുവായിട്ട് 20 വർഷം !

മലയാളികളുടെ സ്വന്തം അല്ലു അർജുന്റെ സിനിമാജീവിതം 20 വർഷം പിന്നിടുകയാണ്. ആര്യയിലൂടെയും ഹാപ്പിയിലൂടെയുമൊക്കെ കൊച്ചുകുട്ടികൾ മുതൽ വീട്ടമ്മമാരെ വരെ ആരാധകരാക്കി മാറ്റിയ ഈ തെലുങ്കു നടൻ സിനിമാപ്രേമികളുടെ മനസിൽ കയറിക്കൂടിയത് വളരെ പെട്ടെന്നായിരുന്നു. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ താരത്തെ ആരാധകർ എത്രോളം ഏറ്റെടുത്തുകഴിഞ്ഞു എന്ന് നമുക്ക് മനസിലാകും.അല്ലുവിന്റെ കഠിനാധ്വാനവും വേറിട്ടുനിൽക്കുന്ന ഫാഷനുമാണ് സിനിമാ മേഖലയിൽ അദ്ദേഹത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്. ബണ്ണി, മല്ലു അർജുൻ എന്നീ പേരുകളിലും അല്ലു അർജുൻ അറിയപ്പെടുന്നുണ്ട്.

തന്റെ 19–ാം വയസ്സിൽ 2003-ൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അതിനുമുമ്പ് വിജേത എന്ന സിനിമയിൽ ബാലതാരമായി അദ്ദേഹം അഭിനയിച്ചിരുന്നു. 2004ലെ ആര്യയിൽ തുടങ്ങി ബണ്ണി, ഹാപ്പി, ദേശമുദ്രു, പരുഗു അങ്ങനെ ഓരോ വർഷവും പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രങ്ങൾ എല്ലാം മെഗാഹിറ്റുകൾ ആയിരുന്നു. അല്ലുവിന്റെ സിനിമകളിലെ പ്രണയത്തിന് ഒരു കുട്ടിത്തം കൂടി തോന്നിക്കാറുണ്ട്. ആര്യയിലും ഹാപ്പിയിലും എല്ലാം ഇത് കാണാൻ സാധിക്കും. ഈ കാരണങ്ങളെല്ലാം ആയിരിക്കാം മലയാളികളുടെ മനസ് കീഴടക്കാൻ ഒരു കാരണമായത്.

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഒരു ഹീറോ തന്നെയാണ് അല്ലു അർജുൻ. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു കമ്പനി പരസ്യത്തിനായി അല്ലുവിന് പത്തു കോടി വരെ വാഗ്ദാനം ചെയ്തിട്ടും അല്ലു അത് നിഷേധിക്കുകയാണ് ചെയ്തത്.ആലപ്പുഴയിൽ പ്രളയത്തിൽ തകർന്ന പത്ത് അങ്കൻവാടികൾ പുനർനിർമിക്കാൻ തന്റെ സിനിമയുടെ ലാഭത്തിൽ നിന്നും 21 ലക്ഷം രൂപ നൽകിയതും കളക്ടർ കൃഷ്ണ തേജയുടെ ഒരു ഫോൺ വിളിയിൽ പ്ലസ് ടു കഴിഞ്ഞ് സാമ്പത്തിക പ്രശ്നം മൂലം പഠനം മുടങ്ങുമായിരുന്ന പെൺകുട്ടിയുടെ നാലുവർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും ഏറ്റെടുത്തതും എല്ലാം നമ്മൾ വാർത്തകളിലൂടെ കണ്ടു.

തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി 1983 ഏപ്രിൽ 08 ന്‌ ചെന്നൈയിൽ ആയിരുന്നു അല്ലുവിന്റെ ജനനം. തെലുങ്കു ചലച്ചിത്ര മേഖലയിൽ വളരെയധികം സ്വാധീനമുള്ള കുടുംബത്തിലാണ് അല്ലു അർജുന്റെ ജനനം. തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു മുത്തച്ഛൻ അല്ലു രാമലിംഗയ്യ. ഇതുകൂടാതെ അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതാക്കൾ. അമ്മാവനായ ചിരഞ്ജീവിയുടെ ഡാഡി എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ അല്ലു അർജുൻ അഭിനയിച്ചിരുന്നു.

2003 ലാണ് അല്ലു അർജുൻ നായകനായ ആദ്യ സിനിമയായ ഗംഗോത്രി പുറത്തിറങ്ങിയത്. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി ശരാശരി വിജയം നേടിയിരുന്നു. അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ 2004 ലാണ് പുറത്തിറങ്ങിയത്. യുവാക്കൾക്കിടയിൽ അല്ലുവിന് ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു സാധിച്ചു. അല്ലു അർജുന്റെ ആരാധകരിൽ ഭൂരിഭാഗവും ഇപ്പോഴും യുവാക്കൾ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 2005ൽ ബണ്ണിയും 2006ൽ ഹാപ്പിയും പുറത്തിറങ്ങി. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. പിന്നീടങ്ങോട്ട് ദേശമുഡുരു, പരുഗു, ആര്യ എന്ന സിനിമയുടെ തുടർച്ചയായി ആര്യ 2 എന്നിവയും ഇറങ്ങി. എന്നാൽ ആദ്യ ചിത്രം പോലെ ബോക്സ് ഓഫീസിൽ ഒരു ചലനമുണ്ടാക്കാൻ ആര്യ 2നായില്ല. 2010ൽ വരുഡു എന്ന വലിയ ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നു. 18 കോടി രൂപ ചെലവിട്ട ഈ സിനിമ ടോളിവുഡിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.

വരുഡുവിന് ശേഷം വേദം എന്ന ചിത്രം കൂടി അല്ലു ചെയ്തിരുന്നു. 2011ൽ വി.വി. വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അർജുന്റെ അച്‌ഛനായ അല്ലു അരവിന്ദാണ് ചിത്രം നിർമ്മിച്ചത്. തുടർന്നും ഒരുപാട് ഹിറ്റ് ചിത്രങ്ങൾ.2021-ലെ തെലുങ്ക് ആക്ഷൻ ഡ്രാമയായ പുഷ്പ-ദ റൈസിലാണ് താരം ഈയടുത്ത കാലത്തായി ആരാധകരുടെ മനസിൽ കയറിക്കൂടിയത്. അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച ചിത്രം സുകുമാർ ആണ് സംവിധാനം ചെയ്തത്. 300 കോടി ക്ലബ്ബും കടന്ന പുഷപയുടെ വിജയം കേരളത്തിന്റേത് കൂടിയായിരുന്നു. ചിത്രത്തിന്റെ തുടർഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അല്ലു ആരാധകർ…