ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ച് നിര്‍മ്മാതാക്കള്‍. 12 മിനിറ്റോളം ദൈര്‍ഘ്യമാണ് കുറച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയിലാണ് കട്ട് ചെയ്തിരിക്കുന്നത്. പുതിയ പതിപ്പ് ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് ദൈര്‍ഘ്യം കുറച്ചത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പീരിയഡ് ഡ്രാമയായിട്ടാണ് കാന്ത പ്രേക്ഷകരിലേക്കെത്തിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി കെ മഹാദേവന്‍ എന്ന കഥാപാത്രമായാണ് കാന്തയില്‍ ദുല്‍ഖര്‍ വേഷമിട്ടത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചതും വേഫറെര്‍ ഫിലിംസ് തന്നെയാണ്. കാന്തയുടെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
Read more
നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 25 കോടിക്കടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രം ഡൊമസ്റ്റിക് മാര്‍ക്കറ്റിലും ഓവര്‍സീസ് മാര്‍ക്കറ്റിലും വലിയ പ്രതികരണമാണ് നേടിയത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും കൂടുതല്‍ സ്‌ക്രീനുകളിലായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.







