''നരസിംഹ റെഡ്‌ഡിയായ ഓരോ നിമിഷവും ഞാൻ എന്റെ പ്രായത്തെ ഭയപ്പെട്ടു, സിനിമ പൂർത്തിയാക്കിയത് ആരാധകർക്ക് വേണ്ടി- ചിരഞ്ജീവി

കഴിഞ്ഞ മുപ്പത് വർഷമായി തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ആയി നിൽക്കുകയാണ് ചിരഞ്ജീവി. ആരാധകർ സ്നേഹത്തോടെ അണ്ണയാ എന്ന് വിളിക്കുന്ന താരത്തിന്റെ ജനപ്രീതി മറ്റു യുവ സൂപ്പർ താരങ്ങളുടെ വരവോടെ ഒട്ടും കുറഞ്ഞിട്ടില്ല. ഒരിടവേളക്ക് ശേഷം താരം തകർത്തഭിനയിച്ച ബ്രഹ്മാണ്ഡ സിനിമ സൈറാ നരസിംഹ റെഡ്‌ഡിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ.

രാഷ്ട്രീയത്തിൽ സജീവമായതും കേന്ദ്ര മന്ത്രിസ്ഥാനവും ഒക്കെയാണ് ചിരഞ്ജിവി സിനിമാ ജീവിതത്തിൽ ഇടവേള എടുക്കാനുള്ള കാരണങ്ങൾ. എട്ടു വർഷത്തോളം അദ്ദേഹം സിനിമയിൽ നിന്ന് വിട്ടു നിന്നു. ഇടക്ക് ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചെങ്കിലും ആരാധകർ കാണാൻ ആഗ്രഹിച്ച മാസ്സ് റോൾ ചെയ്തത് സൈ റാ നരസിംഹ റെഡ്‌ഡിയിലാണ്. ബ്രിട്ടീഷുകാർക്ക് എതിരായി പോരാടുന്ന ധീരൻ ആയ നാട് രാജാവ് നരസിംഹ റെഡ്‌ഡി ആയാണ് ചിരഞ്ജീവി സ്‌ക്രീനിൽ എത്തിയത്. ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിമുഖത തോന്നി എന്നും ഓരോ സീനിലും തന്റെ പ്രായം ഭയപ്പെടുത്തി എന്നും അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ആരാധകരും അവരുടെ സ്നേഹവും ആണ് ഈ സിനിമ പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത് എന്നും ചിരഞ്ജീവി പറഞ്ഞു.

ബോക്സ് ഓഫീസിൽ ചിരഞ്ജീവിയുടെ ഈ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ചിത്രം ഇറങ്ങി എട്ടു ദിവസം പിന്നിടുമ്പോൾ ലോകം മുഴുവനുമായി 200 കോടിയോളം കളക്റ്റ് ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ, കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാം ചരണാണ് നിര്‍മ്മാണം. ചിരഞ്ജീവിയുടെ 151-ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക ഷെട്ടി, കിച്ച സുദീപ് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്.