'ഏങ്ക സാര്‍ നാന്‍ വരും സാര്‍' അതായിരുന്നു മറുപടി; വിജയ് സേതുപതി മാര്‍ക്കോണി മത്തായിലെത്തിയ കഥ പറഞ്ഞ് സംവിധായകന്‍

മാര്‍ക്കോണി മത്തായിലൂടെയുള്ള മക്കള്‍ സെല്‍വന്റെ മോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള താരത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലേക്ക് വിജയ് സേതുപതിയെത്തിയത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സനില്‍ കളത്തില്‍. സമയം മലയാളവുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍
ഇതെ കുറിച്ച് പറഞ്ഞത്.

അതൊരു ഭാഗ്യം പോലെയാണ് വന്നത്. ജയറേമേട്ടനുമായി ഈ കഥ ഡിസ്‌കസ് ചെയ്തിരുന്നു. സേതുപതിയെ പോലൊരാളെ കിട്ടിയാലെന്ന് ഞാന്‍ വെറുതെ സൂചിപ്പിച്ചു. ജയറാമേട്ടന്‍ അപ്പോള്‍ അങ്ങനെയാണേല്‍ അദ്ദേഹത്തോട് ചോദിച്ച് നോക്കാമല്ലോയെന്ന് പറഞ്ഞു. അങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു.

സേതുപതിയുടെ തിരക്ക് അതിഭീകര തിരക്കാണ്. ഞങ്ങള്‍ സ്റ്റോറി പറയാന്‍ ഇരിക്കുമ്പോള്‍ തന്നെ നിരവധി തിരക്കുകളുടെ ഇടയിലായിരുന്നു അദ്ദേഹം. പറയുന്നതിനിടയില്‍ അറിയാതെ ഞാന്‍ മലയാളത്തിലൊക്കെയാണ് കഥ പറഞ്ഞത്.
പക്ഷേ ഞാന്‍ പറഞ്ഞത് മനസ്സിലായോ എന്ന് അത് കഴിഞ്ഞു ചോദിച്ചപ്പോള്‍ മനോഹരമായി അദ്ദേഹം ആ കഥ ഞങ്ങളോട് തിരിച്ചുപറഞ്ഞു. പ്രൊജക്ടിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. . ഏങ്ക സാര്‍ നാന്‍ വരും സാര്‍ എന്ന അദ്ദേഹത്തിന്റെ ഒറ്റ വാക്കിന്റെ പുറത്താണ് ഈ ചിത്രം ഇവിടം വരെയെത്തിയത്. സനില്‍ പറഞ്ഞു.

അതേസമയം, റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.