ഞാന്‍ അയാളുടെ മുഖത്ത് അടിച്ചു, അടുത്ത നിമിഷം തന്നെ ആ കാലില്‍ വീഴേണ്ടിയും വന്നു; അനുഭവം പങ്കുവെച്ച് ഉര്‍വശി

ഐവി ശശി സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തനിക്ക് പിണഞ്ഞ ഒരു അബദ്ധം പങ്കുവെച്ച് നടി ഉര്‍വശി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വളരെ ചെറിയ ഒരു മുറിയില്‍ നടി സീമയും താനുമൊക്കെ വിശ്രമിച്ചപ്പോള്‍ ജനല്‍ വാതില്‍ക്കല്‍ വന്ന് ആംഗ്യം കാണിച്ചയാളെ താന്‍ മര്‍ദ്ദിച്ചുവെന്നാണ് ഉര്‍വശി പറയുന്നത്.

ഉര്‍വശിയുടെ വാക്കുകള്‍

കുറേ നേരമായി അയാള്‍ ജനലിനടുത്ത് നിന്ന് ഞങ്ങളെ ആംഗ്യം കാണിക്കുകയാണ്. എന്താ എന്ന് ചോദിക്കുമ്പോള്‍ ഏയ് ഒന്നും ഇല്ല എന്ന് കാണിക്കും കുറച്ചുകഴിഞ്ഞ് വീണ്ടും പഴയ പടി തന്നെ. ഒടുവില്‍ ഞാന്‍ അയാളുടെ അടുക്കലേക്ക് പോയി ഒരെണ്ണം കൊടുക്കേണ്ടി വന്നു.

പക്ഷേ ഇയാള്‍ ഊമയാണെന്ന് എനിക്കറിയില്ലായിരുന്നു. പാവത്തിന്റെ കൈയില്‍ ഒരു ആല്‍ബം. അത് നിറയെ എന്റെ ആദ്യ സിനിമ മുതലുള്ള ചിത്രങ്ങളാണ് മുഴുവന്‍. അതിനെ കുറിച്ചെന്തോ പറയാന്‍ നോക്കുവാരുന്നു. ഞാനാകെപ്പാടെ അപ്‌സെറ്റായി പോയി. എന്താ പറയുക. എന്താ ചെയ്യുക. അങ്ങനെ ഒരു വിവരദോഷം ഞാന്‍ ചെയ്തു പോയില്ലേ അവസാനം ഞാന്‍ ആ കാലില്‍ വീണു.

ഞാന്‍ ചോദിച്ചു നിങ്ങള്‍ ആരെയെങ്കിലും കൂടെ കൊണ്ടുവന്നു പറയേണ്ടേ. പാവം പെട്ടെന്നുള്ള എക്‌സൈറ്റ്‌മെന്റില്‍ പറഞ്ഞു പോയതാണ്.