ഇനിമുതൽ ടർബോ ജാസിം; അറബിക് ഡബ്ബ്ഡ് വേർഷനുമായി മമ്മൂട്ടിക്കമ്പനി

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന വൈശാഖ്- മമ്മൂട്ടി ചിത്രം ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് ഡബ്ബ്ഡ് വേർഷനായി എത്തുന്നു. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്.

അറബിയിൽ ഡബ് ചെയ്ത് റിലീസ് ആവുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ടർബോ എന്നാണ് മമ്മൂട്ടി പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ക്യാരക്ടറിന്റെ പേര് ടർബോ ജാസിം എന്നാണ്.

“നമ്മുടെ സിനിമ അറബിയിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരുപക്ഷെ ആദ്യമായിട്ട് അറബി സംസാരിക്കാൻ പോകുന്ന മലയാള സിനിമ ഇതാകുമെന്നാണ് തോന്നുന്നത്. അതൊരു വലിയ സന്തോഷകരമായ കാര്യമാണ്.

എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്. നിങ്ങൾ ഈ സിനിമ ഒന്നുകൂടി കണ്ട് സന്തോഷിക്കണം. കാരണം എനിക്ക് അറബി അറിയില്ല, എന്റെ ശബ്ദത്തിലല്ലെങ്കിലും അറബി പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് കണ്ടുനോക്കുക. ടർബോ ജോസിന് അറബിയിലിട്ടിരിക്കുന്ന പേര് ജാസിം ടർബോ എന്നാണ്.” ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞു.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്.ടർബോ കൂടാതെ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.