മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്തരം ബൗണ്‍സര്‍മാരില്ല, ആളുകളെല്ലാം ചിരി തുടങ്ങിയിരുന്നു; അനുഭവം പറഞ്ഞ് ടിനി ടോം

കോമഡി രംഗത്ത് നിന്നും സിനിമയില്‍ എത്തിയ താരമാണ് ടിനി ടോം. നടന്‍ ബാലയെ അനുകരിക്കുന്ന വീഡിയോ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരം ട്രെന്‍ഡിംഗ് ആയിരുന്നു. തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കാുവയ്ക്കുന്നതിനിടെ ഒരു നടനെ കുറിച്ച് ടിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

2018ല്‍ പുറത്തിറങ്ങിയ ‘കളി’ എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ഒരു സംഭവമാണ് ടിനി തുറന്നു പറഞ്ഞത്. നടന്റെ പേര് പറയാതെ വില്ലന്‍ വേഷങ്ങളില്‍ അടക്കം അഭിനയിക്കുന്ന നടന്‍ എന്നാണ് ടിനി ടോം പറയുന്നത്. കളിയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ഒരു ദിവസം ‘ടിനിക്ക് ബൗണ്‍സര്‍മാരെ ആവശ്യമുണ്ടോ നാളെ ഗോള്‍ഡ് സൂക്കിലല്ലെ ചിത്രീകരണം?’ എന്ന് ചോദിച്ചു.

എന്നാല്‍ തനിക്ക് വേണ്ടെന്നും അവിടെ സ്ഥിരമായി നടക്കുന്നയാളെന്നും മറുപടി നല്‍കി. ‘അല്ല കുറച്ച് ബൗണ്‍സര്‍മാരുണ്ട്, വേണമെങ്കില്‍ ഷൈന്‍ ചെയ്യാം’ എന്ന് അയാള്‍ പറഞ്ഞു. വേണ്ടെന്ന് താനും. അടുത്ത ദിവസം നോക്കുമ്പോള്‍ ബൗണ്‍സര്‍മാര്‍ വേണോ എന്ന് ചോദിച്ച നടന്‍ ആറ്, ഏഴ് ബൗണ്‍സര്‍മാരുടെ നടുവില്‍ കൂടി ഈ നടന്‍ നടന്നു വരുന്നു.

എല്ലാം നോര്‍ത്തിന്ത്യന്‍ ബൗണ്‍സര്‍മാരാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്തരം ബൗണ്‍സര്‍മാരില്ല. ആര്‍ക്കാണ് ഇത്രയും ബൗണ്‍സര്‍മാര്‍ എന്നതറിഞ്ഞതോടെ ആളുകള്‍ ചിരി തുടങ്ങി. പിന്നീട് പലയിടത്തും ഈ സെക്യൂരിറ്റിയെയും കൊണ്ട് നടന്‍ നടന്നു. ഹൈബി ഈഡനും എംഎല്‍എയും അടക്കം പങ്കെടുത്ത പരിപാടിയില്‍ വിളിക്കാതെ തന്നെ ഈ നടന്‍ തന്റെ കൂടെ സെക്യൂരിറ്റിയുമായി എത്തി.

എംപി പോലും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന് ചോദിക്കുന്ന അവസ്ഥയായി. മൂവാറ്റുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴും ഈ നടനും ബൗണ്‍സര്‍മാരും. അവിടെയും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന ചോദ്യം ഉണ്ടായി. അവിടുന്ന് രാത്രി തന്നെ താനും ബാബു രാജും തിരിച്ചുവന്നു. എന്നാല്‍ നടന്‍ അവിടെ തങ്ങി. രാവിലെ ഈ സെക്യൂരിറ്റിക്കാര്‍ ഇയാളെ വിട്ട് അടുത്ത പരിപാടിക്ക് പോയി.

ഇതോടെ നടന്‍ മൂവാറ്റുപുഴ സ്റ്റാന്റില്‍ നിന്നും വിളിച്ചു. ഇന്നലെ വരെ സെക്യൂരിറ്റിയുമായി നടന്ന നടനോട് ബസ് കയറി വരാന്‍ പറഞ്ഞു. ഒരു സെക്യൂരിറ്റി സ്ഥാപനം എന്തോ ആവശ്യത്തിന് വിളിച്ചുവരുത്തിയതാണ് ഇവരെ. എന്നാല്‍ അത് നടന്നില്ല. അപ്പോള്‍ നടന് ഫ്രീയായി ഇവരെ നല്‍കിയതാണ് എന്നാണ് ടിനി ടോം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.