അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട്; ടിജി രവിക്ക് ആദരം, നടന്‍ നിലയിലുള്ള ഏക ദുഖം പങ്കുവെച്ച് രവി

മോളിവുഡ് സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് ടി.ജി. രവി. 1974 ല്‍ പുറത്ത് ഇറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.

അഭിനയ ജീവിതത്തിന്റെ തുടക്കകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ടിജി രവി പിന്നീട് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ സപര്യയുടെ അരനൂറ്റാണ്ട് പിന്നിട്ട ടി.ജി. രവിക്ക് അഭ്യുദയകാംഷികളുടെയും ആസ്വാദരുടെയും നേതൃത്വത്തില്‍ ആദരം നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ പൊന്നാട അണിയിച്ചു. ജയരാജ് വാര്യര്‍ അധ്യക്ഷനായി. കെ വി അബ്ദുള്‍ ഖാദര്‍, ശിവജി ഗുരുവായൂര്‍, എം അരുണ്‍, ഷൈജു അന്തിക്കാട്, എ എല്‍ ഹനീഫ് എന്നിവര്‍ സംസാരിച്ചു. ടി ജി രവിയുടെ 250–ാമത്തെ സിനിമയായ ‘അവകാശികള്‍’ ട്രെയിലര്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു.

നടന്‍ എന്ന നിലയിലുള്ള തന്റെ ഏക ദുഃഖം സത്യനോടൊത്ത് അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല എന്നതാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങള്‍ മടുത്താണ് ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ സംവിധായകരുടെ സിനിമകള്‍ പ്രതീക്ഷ നല്‍കുന്നു. നാടകമാണ് തന്റെ യഥാര്‍ഥ തട്ടകമെന്നും ഇന്നും നാടകത്തെ സ്‌നേഹിക്കുന്നുവെന്നും ടി ജി രവി പറഞ്ഞു.