വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയിട്ടുളള നടന്മാരിൽ ഒരാളാണ് പൊന്നമ്പലം. കഴിഞ്ഞ കുറച്ച് വർഷമായി വൃക്കരോഗ ബാധിതനാണ് നടൻ. നാല്- അഞ്ച് വർഷമായി തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നതിനെ കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് നടൻ. കോടികളാണ് ഇതുവരെ തന്റെ ചികിത്സയ്ക്ക് ചെലവായതെന്ന് പൊന്നമ്പലം പറയുന്നു. സിനിമാലോകത്തുനിന്നും സൂപ്പർതാരങ്ങൾ ഉൾപ്പെടെയുളളവർ സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ മറ്റു ചിലർ താൻ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല, നടൻ വെളിപ്പെടുത്തി.
ഒരു വർഷത്തെ ആയുസുകൂടിയേ തനിക്ക് ഉണ്ടാവൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കാരണം അസുഖം എല്ലായിടത്തേക്കും ബാധിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ ഡയാലിസിസ് ആണ്. അത് അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പറയുകയാണ്. ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ വരരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, പ്രാർത്ഥിക്കുന്നത്. എനിക്ക് ഒന്നിടവിട്ട് കുത്തിവയ്പ്പ് നടത്തണം. കഴിഞ്ഞ നാല് വർഷമായി ഒരിടത്ത് തന്നെ 750 തവണയാണ് കുത്തിയിട്ടുളളത്, പൊന്നമ്പലം പറയുന്നു.
Read more
തനിക്ക് ആദ്യം സാമ്പത്തിക സഹായം നൽകിയത് ശരത് കുമാറാണ്. മറ്റ് അഭിനേതാക്കളോടും ഇക്കാര്യം പറഞ്ഞ് അദ്ദേഹം പണം വാങ്ങി നൽകിയിരുന്നു. ധനുഷ് എന്നെ സഹായിച്ചിട്ടുണ്ട്. എത്ര രൂപയാണ് അവരെല്ലാം തന്നതെന്ന് ഞാൻ പറയില്ല. എല്ലാം അധികമായാണ് തന്നത്. അടുത്തിടെ ഇൻഫക്ഷനായ സമയത്ത് എനിക്ക് 35 ലക്ഷത്തിന്റെ ചികിത്സ വേണ്ടി വന്നു. ഇത്രയും നാളത്തെ ചികിത്സാ ചെലവ് കോടിക്കണക്കിന് വരും. ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ തന്നിരുന്നു. ചിലർ ഞാൻ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല”, പൊന്നമ്പലം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.









