കരഞ്ഞ് കൈകൂപ്പി വിവാദമാക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് സിനിമാക്കാര്‍ പറയുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാകും: സുബീഷ് സുധി

‘ഭാരതം’ എന്ന പേരിന് വിലക്ക് കല്‍പ്പിച്ചതോടെ സുബീഷ് സുധി ചിത്രത്തിന്റെ ടൈറ്റില്‍ ‘ഒരു സര്‍ക്കാര്‍ ഉത്പ്പന്നം’ എന്നാക്കി മാറ്റിയിരിക്കുകയാണ്. മാര്‍ച്ച് 8ന് ചിത്രം റിലീസ് ചെയ്യാനിരിക്കെവെ ആയിരുന്നു. ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം’ എന്ന ടൈറ്റില്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാട് എടുത്തത്. ഇതോടെ സിനിമയുടെ പേരിലെ ‘ഭാരത’ കറുപ്പ് കൊണ്ട് മറച്ചാണ് പുതിയ പേര് ഇറക്കിയിരിക്കുന്നത്.

‘ഭാരത’ എന്ന വാക്ക് മാറ്റാനായി സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ സുബീഷ് സുധി ഇപ്പോള്‍. ”ഒന്നര വര്‍ഷം മുമ്പാണ് ഈ സിനിമയുടെ പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ട്. ആദ്യം ട്രെയ്‌ലര്‍ സെന്‍സര്‍ ബോര്‍ഡിന് അയച്ചു കൊടുത്തു, തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതാണോ എന്ന് ചോദിച്ചപ്പോള്‍ ഇതൊന്നുമല്ല കാര്യം എന്ന് വിശദീകരിച്ചു.”

”അപ്പോള്‍ ഒകെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞു. പിന്നെ സിനിമ കണ്ടു. സിനിമ കണ്ട ശേഷം അവര് പറഞ്ഞു, ഇത് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സിനിമയാണ്, പക്ഷെ ഭാരതം എന്ന പേര് നിങ്ങള്‍ക്ക് തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നിങ്ങള്‍ വേണമെങ്കില്‍ കേരള സര്‍ക്കാര്‍ ഇട്ടോ, കര്‍ണാടക സര്‍ക്കാര്‍ ഇട്ടോ, തമിഴ്‌നാട് സര്‍ക്കാര്‍ ഇട്ടോ, പക്ഷെ ഭാരതം തരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് വളരെ മാനസിക വിഷമമുണ്ടാക്കി.”

”കാരണം ഇതൊരു ചെറിയ സിനിമയാണ്. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ല, ഒരുപാട് പരിമിതികളുണ്ട്. വലിയ സിനിമ കളിക്കുന്ന, വലിയ തിയേറ്ററുകളില്‍ ഇത് കൊണ്ടുപോവാന്‍ പറ്റില്ല. സിനിമാ സമരം വന്നപ്പോള്‍ ഒന്നാം തീയതി മാറ്റി മാര്‍ച്ച് 8-ാം തീയതി ആക്കി. 8 ആകുമ്പോഴേക്ക് ഈ പ്രശ്‌നം വന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും സിനിമാ പ്രവര്‍ത്തകര്‍ കരഞ്ഞു കൊണ്ട് കൈകൂപ്പി അവരോട് പറയുന്നത്, ഈ സിനിമ വിവാദത്തിലേക്ക് അഴിച്ചു വിടാന്‍ പാടില്ലെന്ന്.”

”അപ്പോ അവര്‍ക്ക് മനസിലായി, എങ്കിലും ഭാരതം എന്ന പേര് തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇത് രാഷ്ട്രീയം പറയുന്ന സിനിമയല്ല, വിവാദമാക്കണ്ട സിനിമയല്ല, എല്ലാവരും കാണണ്ട സിനിമയാണ്. എന്തുകൊണ്ടാണ് ഈ പേര് ഇട്ടതെന്ന് സിനിമ കണ്ടാല്‍ മനസിലാകും” എന്നാണ് സുബീഷ് സുധി മീഡിയാവണ്ണിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ടി.വി രഞ്ജിത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഷെല്ലി ആണ് ചിത്രത്തില്‍ നായിക.