സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്, അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്: സൂരജ് സന്തോഷ്

അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ. എസ് ചിത്രയ്ക്കെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗായകൻ സൂരജ് സന്തോഷ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കുകയും, വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നുമാണ് കെ. എസ് ചിത്ര പറഞ്ഞത്.

ചിത്രയ്ക്കെതിരെ വിമർശനം ഉന്നയിച്ചതിന് സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ് സൂരജ് സന്തോഷ്. എന്നാലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് സൂരജ് സന്തോഷ് ദി ഫോർത്തിനോട് പറഞ്ഞത്. കൂടാതെ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറുമെന്നും സൂരജ് സന്തോഷ് പറയുന്നു.

“വർഷങ്ങളായി കെ എസ് ചിത്ര ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്, അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമർശിക്കാറില്ല. പക്ഷേ വർഷങ്ങളായി സംഘപരിവാർ ഇവിടുത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിൽ വർഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നതെന്നും അതിനെ വിമർശിക്കുന്നത് എന്തിനാണെന്നുമാണ് സംഘപരിവാർ ചോദിക്കുന്നത്. മുമ്പും പലവിഷയങ്ങളിലും സുപ്രീം കോടതിയുടെ വിധികൾ ഉണ്ടാവുകയും അതിനെയെല്ലാം എത്രത്തോളം അസഹിഷ്ണുതയോടെയാണ് ഇവർ കണ്ടതെന്നും നമ്മൾ എല്ലാവരും കണ്ടതാണ്.

സുപ്രീം കോടതി വിധിയിൽ പണിത രാമക്ഷേത്രത്തിൽ പോയാലോ പ്രാർത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമർശിക്കില്ല, ആക്രമിക്കുകയുമില്ല. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറും.” എന്നാണ് ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സൂരജ് സന്തോഷ് പറഞ്ഞത്.