'അങ്ങനെ വീണ്ടും ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു'; പുതിയ തീരുമാനം പ്രഖ്യാപിച്ച് ബേസിൽ ജോസഫ്

മലയാളത്തിൽ വെറും മൂന്ന് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത സംവിധായകനാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ മലയാളത്തിൽ ഹിറ്റടിച്ച ബേസിൽ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യനായി ചർച്ചചെയ്യപ്പെട്ട സംവിധായകനായി മാറി. സംവിധായകൻ എന്നതിലുപരി, മികച്ച അഭിനേതാവ് കൂടിയാണ് ബേസിൽ ജോസഫ്. ജയ ജയ ജയ ജയഹേ, പാൽതു ജാൻവർ, ജാൻ എ മൻ, എങ്കിലും ചന്ദ്രികേ തുടങ്ങീ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ബേസിലിന്റെത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്ക് കൂടി കടക്കുന്നതിന്റെ സന്തോശം പങ്കുവെച്ചിരിക്കുകയാണ് താരം. നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. ബേസിൽ തന്നെയാണ് നിർമാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ നിർമാണക്കമ്പനിയെ പരിചയപ്പെടുത്തി. ബാനറിൻ്റെ ടൈറ്റിൽ ഗ്രാഫിക്‌സും പുറത്തുവിട്ടു.

‘അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിർമാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാൽ, കഥകൾ കൂടുതൽ നന്നായി, ധൈര്യപൂർവ്വം, പുതിയ രീതികളിൽ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസിൽ ജോസഫ് എൻ്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’, ബേസിൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

Read more