കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച അഭിനയം, ഇയാള്‍ എന്റെ കൂട്ടുകാരനായതാണ് നല്ലത്, ഫഹദ് കൂടെ ഉള്ളത് അഭിമാനം: ശിവകാര്‍ത്തികേയന്‍

ഫഹദ് ഫാസിലിനെ പ്രശംസിച്ചു കൊണ്ട് തമിഴ് താരം ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫഹദിനെ പോലെ അഭിനയിക്കാന്‍ നാലായിരം വര്‍ഷം എങ്കിലും എടുക്കും എന്നാണ് ശിവകാര്‍ത്തികേയന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി.ആര്‍.എസ് വിത്ത് ആഷ്’ എന്ന പരിപാടിയില്‍ പറയുന്നത്.

ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ നാലായിരം വര്‍ഷം വേണ്ടി വരും തോന്നും. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും.

കുമ്പളങ്ങി നൈറ്റ്സ് ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ട്, അസാമാന്യമായ പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്. ഇയാള്‍ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്.

ഫഹദ് തന്റെ കൂടെ ഉണ്ടാവുന്നത് തനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ് എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. 2017ല്‍ പുറത്തിറങ്ങിയ വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ ഫഹദും ശിവകാര്‍ത്തികേയനും ഒന്നിച്ച് അഭിനയിച്ചത്. നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.