അതുകൊണ്ടാണ് അന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്തത്: സിദ്ധാർത്ഥ് ഭരതൻ

കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് സിദ്ധാർത്ഥ് ഭരതൻ. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ മുഖം കാണിച്ചിരുന്നുവെങ്കിലും പിന്നീട് സിനിമയിൽ നിന്നും സിദ്ധാർത്ഥ് ഒരു നീണ്ട ഇടവേളയെടുത്തിരുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിലൂടെ ഗംഭീര പ്രകടനമാണ് സിദ്ധാർത്ഥ് നാഥത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആ ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാർത്ഥ്. സംവിധാനം പഠിക്കാൻ വേണ്ടിയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത് എന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

“നമ്മൾക്കും രസികനും ശേഷം ഞാൻ സംവിധാനം സീരിയസായി പഠിക്കാൻ വേണ്ടി പ്രിയൻ സാറിൻ്റെ കൂടെ അസിസ്റ്റൻ്റായി നിൽക്കുകയായിരുന്നു. പിന്നെ ഒരു സംവിധായകനാകുന്നതിൻ്റെ കഷ്‌ടപാടിലായിരുന്നു.

അവസാനം സിനിമയെടുത്ത് ഒരു സംവിധായകനായി. നമ്മൾ സിനിമയിൽ അഭിനയിക്കുമ്പോൾ വലിയ നടനാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. കിട്ടിയ ഒരു അവസരത്തിൽ തല കാണിച്ചുവെന്നേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഒരു നടനായി മാറി. സിനിമയെടുക്കണമെന്ന ആഗ്രഹം ആദ്യമേ തന്നെ ഉണ്ടായിരുന്നു. നല്ല വേഷങ്ങൾ വരാത്തത് കൊണ്ട് ഞാൻ അതിന് പിന്നാലെ പോയി. പിന്നെ നല്ല വേഷം വന്നപ്പോൾ വീണ്ടും അഭിനയത്തിലേക്ക് വന്നു.” എന്നാണ് ഭ്രമയുഗം പ്രസ് മീറ്റിനിടെ സിദ്ധാർത്ഥ് പറഞ്ഞത്.