'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല'; കിംഗ് ഓഫ് കൊത്തയ്‌ക്കെതിരായ ഡീഗ്രേഡിംഗില്‍ ഷമ്മി തിലകന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’യ്‌ക്കെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. കിംഗ് ഓഫ് കൊത്ത നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു. സിനിമയില്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിച്ചത് ഷമ്മി തിലകനാണ്.

കിങ് ഓഫ് കൊത്ത കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. ഇതുവരെ ഞാന്‍ അഭിനയിച്ച സീനുകള്‍ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. എന്റെ സീനുകള്‍ അഭിലാഷ് ജോഷി എന്ന യുവ സംവിധായകന്‍ എടുത്തത് കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് എനിക്ക് മനസ്സിലായിരുന്നു.

വളരെ തന്മയത്തത്തോടുകൂടി ഒരുപാട് അനുഭവസമ്പത്തുള്ള സംവിധായകന്‍ ചെയ്യുന്ന ലാഘവത്തോടെയാണ് അദ്ദേഹം എന്റെ സീനുകള്‍ എടുത്തത്. അത് നേരിട്ട് കണ്ട് ഞാന്‍ മനസ്സിലാക്കിയതാണ്. എന്റെ സീന്‍ ഇങ്ങനെയാണെങ്കില്‍ പടത്തിന്റെ നായകനെ എങ്ങനെ ആയിരിക്കും എടുത്തിട്ടുണ്ടാവുക എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പടം കണ്ടപ്പോഴാണ് മനസ്സിലായത് അതിഗംഭീരമായ സംവിധാനമാണ് അഭിലാഷിന്റേത്. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്- ഷമ്മി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.