നരനിലെ ആ സീൻ കണ്ട് എല്ലാവരും പേടിച്ചു, ലാലേട്ടൻ വന്ന് എന്നെ പിടിച്ചു നിർത്തുകയായിരുന്നു; ഭാവന

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മോഹലാലിനൊപ്പം ഭാവന എത്തിയ ചിത്രമായിരുന്നു നരൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ഫ്ളവേഴ്സിൻ്റെ ഒരു കോടി എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ പറഞ്ഞത്.

വലിയൊരു സ്റ്റാർ കാസ്റ്റ് ഉള്ള മൂവിയായിരുന്നു നരൻ. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേര് ലീല എന്നായിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ ഭയങ്കര താല്പര്യമായിരുന്നു. ഈ കഥാപാത്രം എപ്പോഴും വീഴുമായിരുന്നു. നടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വീഴുന്നതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത. അത് തനിക്ക് ഭയങ്കര ഫണ്ണിയായിട്ട് തോന്നിയെന്നും അവർ പറഞ്ഞു. അവിടെ നിന്ന് ഇവിടേക്ക് നടന്ന് വരുമ്പോൾ ഒന്ന് വീഴണമെന്നായിരുന്നു ജോഷി സാർ സീൻസ് പറഞ്ഞ് തരുക.

വീഴാൻ പോവുകയാണെന്ന് പറഞ്ഞ് വീഴുമ്പോൾ നമ്മുടെ ബോഡിലാൻഗ്വേജ് അങ്ങനെ മാറണം. അതായത് പരിക്ക് പറ്റരുത് എന്ന് കരുതി വീഴരുത്. സിനിമയിൽ ഒരു ചാല് ചാടി കടക്കുന്ന സീൻ ഉണ്ട്. അതിലൊക്കെ ഞാൻ കുറേ തവണ വീണിട്ടുണ്ട്. കാരണം ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്‌നങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ഷോട്ട് എടുക്കണ്ടി വരുമായിരുന്നെന്നും ഭാവന പറഞ്ഞു.

അതുപോലെ സിനിമയിലെ ഒരു സീൻ താൻ ഓടി വന്ന് ചാടാൻ പോകുന്നതാണ്. ഓടി വരുമ്പോൾ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് വരുക. ഓടി വന്നിട്ട് ചാടാൻ പോകുമ്പോൾ പേടിച്ച് നിൽക്കണം അതായിരുന്നു സീൻ. എന്റെ മനസിൽ താൻ അവിടെ എത്തുമ്പോൾ നിൽക്കും എന്നായിരുന്നു. പക്ഷേ തന്റെ ഓട്ടം കാണുമ്പോൾ ഇവൾ ഇപ്പോൾ വീഴുമോ എന്നാണ് എല്ലാവരും വിചാരിക്കുക.

Read more

അവിടെ എത്തുമ്പോൾ നിൽക്കുമെന്ന് തനിക്കറിയാം. പക്ഷേ അവർ വിചാരിക്കുന്നത് ഇവൾ ഇപ്പോൾ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നിൽക്കുന്നത്. താൻ ഓടി വന്ന് ചാടാൻ നോക്കിയപ്പോൾ ലാലേട്ടൻ തന്നെ വന്ന് പിടിച്ചു. എന്താണ്.. ശരിക്കും ചാടുമോ എന്ന് ചോദിച്ചു. ജോഷി സാർ അത് കണ്ട് പേടിച്ച് കട്ട് വിളിച്ചെന്നും ഭാവന പറഞ്ഞു.