ആ പേര് വെച്ച് ഞാൻ പോസ്റ്റർ ഒക്കെ അടിച്ചിരുന്നു, എന്നാൽ പിന്നീട് മാറ്റേണ്ടി വന്നു; സത്യൻ അന്തിക്കാട്

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. 1982-ൽ കുറുക്കന്റ കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്, മഴവിൽക്കാവടി, തലയണമന്ത്രം, പിൻഗാമി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, കഥ തുടരുന്നു, ഞാൻ പ്രകാശൻ തുടങ്ങീ നിരവധി ജനപ്രിയ സിനിമകളാണ് സത്യൻ അന്തിക്കാട് മലയാളത്തിന് നൽകിയത്.

അതിൽ തന്നെ ശ്രദ്ധേയമായ ചിത്രമായിരുന്നു രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ശ്രീനിവാസൻ, ഉർവശി, ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം. ശ്രീനിവാസൻ അവതരിപ്പിച്ച തട്ടയാണ് ഭാസ്കരൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയ്ക്ക് ആദ്യം പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേരായിരുന്നു ഇട്ടിരുന്നതെന്നും, എന്നാൽ സെൻസർ ബോർഡിലേക്ക് പോയ ചില പരാതികളുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.

“പൊന്മുട്ടയിടുന്ന താറാവ് എന്ന പേര് ഞാൻ പറയാറില്ല. ഇപ്പോഴും പൊന്മുട്ടയിടുന്ന തട്ടാൻ എന്ന് തന്നെയാണ് ഞാൻ പറയുന്നത്. ആ പേരാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ചത്. രഘുനാഥ് പാലേരി ഉദ്ദേശിച്ചതുമായിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ചൊല്ലിയാണ് വിവാദങ്ങൾ ഒക്കെ ഉണ്ടായത്. രഘു സങ്കൽപ്പിച്ച തട്ടാൻ സൂര്യനാണ്. ആ ഷോട്ടിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് തന്നെ. ആകാശത്തിൻ്റെ അങ്ങേ ചെരുവിലെ പൊന്മുട്ട സൂര്യനാണ്. ആ അർത്ഥത്തിൽ അല്ല വിവാദങ്ങൾ ഉണ്ടായത്.

സത്യത്തിൽ ആ പേര് വെച്ച് ഞാൻ പോസ്റ്റർ ഒക്കെ അടിച്ചിരുന്നു. അപ്പോൾ സെൻസർ ബോർഡ്‌കാരാണ് പറഞ്ഞത് ഒരു പരാതി ഉണ്ടെന്ന്. എന്നിട്ട് പൊന്മുട്ടയിടുന്ന താറാവ് എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് ഞാൻ ചെന്ന് പോസ്റ്ററിൽ തിരുത്തുകയാണ് ചെയ്‌തത്‌. ചില ആളുകൾ അതൊക്കെ കീറി കളയുകയൊക്കെ ചെയ്‌തു.

മമ്മൂട്ടി ആ പരസ്യം കണ്ടിട്ട് കയ്യും കാലുമടിച്ച് ചിരിച്ചതാണ്. ഞാൻ പേര് മാറ്റിയതുമായി ബന്ധപ്പെട്ട ക്ലീയറൻസ് കൊടുക്കണമായിരുന്നു. ‘ചില സാങ്കേതിക കാരണങ്ങൾകൊണ്ട് പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇനി താറാവ് എന്ന് തിരുത്തി വായിക്കുക. താറാവുകൾ പ്രധിഷേധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആ കുറിപ്പിൽ. അത് കുറിക്ക് കൊണ്ടു.” എന്നാണ് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞത്.