'നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിന് ശേഷം നയന്‍താര വിളിച്ചു, അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍': സത്യന്‍ അന്തിക്കാട് പറയുന്നു

മലയാള സിനിമയിലൂടെയാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. നയന്‍താരയുടെ രണ്ടാമത്തെ ചിത്രം ഫാസില്‍ ഒരുക്കിയ വിസ്മയത്തുമ്പത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നയന്‍താര തന്നെ വിളിച്ച് ആശങ്ക പങ്കുവെച്ചതിനെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്.

താന്‍ അഭിനയിക്കുന്ന രീതി ഫാസിലിന് ഇഷ്ടമാകുന്നില്ല എന്ന തോന്നലാണ് നയന്‍താര പങ്കുവെച്ചത് എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. സംഭവം ഇങ്ങനെ, “”നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിന് ശേഷം നയന്‍താര വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, നല്ല അന്തരീക്ഷമാണ്. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍.””

ഫാസില്‍ അങ്ങനെ പറഞ്ഞോയെന്ന് ഞാന്‍. “”പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം”” എന്ന് നയന്‍താര. ഇത് ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാന്‍ പറഞ്ഞു. അന്ന് തന്നെ നയന്‍താര ഇക്കാര്യം ഫാസിലിനോട് പറഞ്ഞു. പിന്നെ നയന്‍താരയുടെ ഫോണില്‍ നിന്ന് എന്നെ വിളിച്ചത് ഫാസില്‍ തന്നെയാണ്.

പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. നിഷ്‌ക്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. താനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ എന്ന് ഫാസില്‍ പറഞ്ഞു. ഇതോടെ നയന്‍താര ഹാപ്പി എന്നാണ് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍. നയന്‍താരയുടെ ഈ സത്യസന്ധമായ സമീപനമാണ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.