വിജയ്‌യെയും ധനുഷിനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു, ഇതോടെ മൂവായിരത്തോളം ആളുകള്‍ ചടങ്ങില്‍ എത്തി: ശരണ്യ മോഹന്‍

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടി ശരണ്യ മോഹന്‍ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളാണ് ശരണ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തിന് മൂവായിരത്തോളം ആളുകള്‍ വന്നിരുന്നുവെന്ന് ശരണ്യ പറയുന്നു. വിവാഹത്തിന് അരവിന്ദും കുടുംബവും പ്രതീക്ഷിച്ചത് ഒരു 300 പേരെയാണ്. പക്ഷെ വന്നത് 3000 പേരായിരുന്നു. നടന്‍ വിജയ് വിവാഹത്തിന് വരും എന്ന ഗോസിപ്പ് ആരോ പരത്തിയത് കാരണം ആളുകള്‍ കൂടുകയായിരുന്നു.

വിജയ്‌യെയും ധനുഷിനെയും എല്ലാം കല്യാണത്തിന് വിളിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. വിജയ്‌ക്കൊപ്പം വേലായുധം എന്ന സിനിമയിലും ധനുഷിനൊപ്പം യാരടി നീ മോഹിനി എന്ന ചിത്രത്തിലും ശരണ്യ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അമൃത ടിവിയിലെ ഒരു ഷോയിലാണ് ശരണ്യ സംസാരിച്ചത്. വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ താന്‍ കരയാന്‍ മറന്ന് പോയതായും ശരണ്യ പറയുന്നു. ഷോയില്‍ സ്വാസിക വിവാഹത്തിന്റെ വീഡിയോ കാണിച്ച് താരദമ്പതികളോട് ഓര്‍മ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോയില്‍ അനിയത്തിയും അച്ഛനും ഒക്കെ കരയുമ്പോള്‍ ശരണ്യ വളരെ സന്തോഷത്തോടെ റ്റാറ്റ പറഞ്ഞ് പോകുകയായിരുന്നു. അതെന്താ കരയാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, സത്യത്തില്‍ കാറില്‍ കയറിയപ്പോഴാണ് കരഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തത് എന്നായിരുന്നു ശരണ്യയുടെ മറുപടി.