അടി കിട്ടിയിട്ടും അയാള്‍ കൂസലില്ലാതെ ചിരിക്കുന്നത് ഞാന്‍ കണ്ടു, അത് സൃഷ്ടിച്ച ട്രോമ വലുതാണ്: സാനിയ അയ്യപ്പന്‍

സിനിമാ പ്രചാരണത്തിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതിനെ കുറിച്ച് പ്രതികരിച്ച് നടി സാനിയ അയ്യപ്പന്‍. അപ്പോള്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍, അവനിട്ട് രണ്ട് പൊട്ടിച്ചില്ലല്ലോ എന്നോര്‍ത്ത് താന്‍ ഇന്ന് ഖേദിച്ചേനെ എന്നാണ് സാനിയ പറയുന്നത്.

ഹൈലൈറ്റ് മാളില്‍ തനിക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വീഡിയോ കണ്ടു. ഇത്തരം വസ്ത്രമിട്ട് വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്?

അതുപോലെ തന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല താന്‍ അടിച്ചതെന്ന് പറയുന്നവരുണ്ട്. പക്ഷെ തനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് താന്‍ അടിച്ചത്. അടി കിട്ടി കഴിഞ്ഞും അയാള്‍ ചിരിക്കുന്നത് താന്‍ കണ്ടു. കൂസലില്ലാത്ത ചിരി. ആ സമയത്ത് അത്ര ധൈര്യം കാണിച്ചിട്ടും അത് സൃഷ്ടിച്ച ട്രോമ വലുതാണ്.

Read more

ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പേടി. ആളുകളുടെ മുഖത്ത് നോക്കാന്‍ മടി. ആകെ ഒരു അരക്ഷിതത്വം. പതുക്കെ പതുക്കെയാണ് അതില്‍ നിന്നും പുറത്ത് വന്നത്. പതുക്കെ പതുക്കെ നാടും മാറുമെന്ന് വിശ്വസിക്കാം. തനിക്ക് ഈ ധൈര്യം ലഭിച്ചത് അമ്മയില്‍ നിന്നാണെന്നും സാനിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.