മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതര്‍, ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുന്നു: രജിഷ വിജയന്‍

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും, ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുകയാണെന്നും പറയുകയാണ് രജിഷ വിജയന്‍. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്‌നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.

എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്‍.പിയും, വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും. അത് കൂടുതല്‍ വാചികമായി പ്രേക്ഷകരിലേക്ക് എത്തും,” രജിഷ വിജയന്‍ പറഞ്ഞു.