ചിലര്‍ അനാവശ്യമായി എനിക്ക് എതിരെ പ്രതികരിച്ചു.. ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ എല്ലാം പ്രദര്‍ശിപ്പിക്കാനാവില്ല: രശ്മിക

കന്നഡ സിനിമയില്‍ വിലക്കി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന. ‘കാന്താര’യുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചതാണ്. അതൊന്നും താന്‍ കാര്യമായി എടുത്തിട്ടില്ല എന്നാണ് രശ്മിക പറയുന്നത്. ഋഷഭ് ഷെട്ടി രശ്മികയ്ക്ക് എതിരെ പ്രതികരിച്ചതിനെ കുറിച്ചാണ് രശ്മിക സംസാരിച്ചത്.

കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചു. പക്ഷേ അതൊന്നും കാര്യമായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. താന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല.

കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്. കന്നഡയില്‍ നിന്നും തനിക്ക് ബാന്‍ ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കും എന്നാണ് രശ്മിക പറയുന്നത്.

കാന്താര തിയേറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരെ ചിത്രം കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രശ്മികയുടെ മറുപടി. രശ്മികയുടെ ആദ്യ സിനിമയായ ‘കിറിക്ക് പാര്‍ട്ടി’ ഒരുക്കിയത് ഋഷഭ് ഷെട്ടിയാണ്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ഒരു അഭിമുഖത്തിനിടെ ചിത്രത്തെ കുറിച്ച് സംസാരിച്ച രശ്മിക, പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പറയാതെ കൈകൊണ്ട് ഇന്‍വേര്‍ട്ടഡ് കോമ ആക്ഷന്‍ കാണിച്ചിരുന്നു. ഒരു അഭിമുഖത്തിനിടെ ഇതേ നാണയത്തില്‍ തന്നെ ഋഷഭ് ഷെട്ടി തിരിച്ചടിച്ചിരുന്നു.

ഏത് നടിക്കൊപ്പം സിനിമ ചെയ്യാനാണ് ഇനി താത്പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് കൈകൊണ്ട് ഇന്‍വേര്‍ട്ടഡ് കോമ ആക്ഷന്‍ കാണിച്ച്, ഈ നടിയെ തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ഋഷബിന്റെ മറുപടി. പിന്നാലെയാണ് രശ്മികയ്ക്ക് കന്നഡ സിനിമയില്‍ വിലക്ക് വരുന്നതായി വാര്‍ത്തകള്‍ എത്തിയത്.