'ഇങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..'; സംഗീതനിശ റദ്ദാക്കി വേടന്‍

ഇന്ന് കിളിമാനൂരില്‍ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പര്‍ വേടന്‍. സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യന്‍ മരിച്ചതിന് പിന്നാലെയാണ് വേടന്‍ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാട്ട് പാടാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്.

വേടന്റെ വാക്കുകള്‍:

പ്രിയപ്പെട്ടവരേ, ഇന്ന് കിളിമാനൂരില്‍ വച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍, ടെക്നീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് നിങ്ങളുടെ മുന്നില്‍ വന്ന് പാട്ട് പാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്.

എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍ വന്ന് എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍ വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാസംവിധാനങ്ങളോട് കൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്ക് വേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.