‘ബെസ്റ്റ് ആക്ടര്‍’ എന്ന മമ്മൂട്ടി സിനിമയില്‍ തന്റെ സിനിമയെ കുറിച്ച് പറഞ്ഞത് പകുതിയും സത്യമാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ബെസ്റ്റ് ആക്ടര്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ മോഹന്‍ എന്ന കഥാപാത്രം നെടുമുടി വേണു അവതരിപ്പിക്കുന്ന ഡെന്‍വര്‍ ആശാനും സംഘത്തിനും അടുത്ത് എത്തുന്നതും പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങള്‍ക്കും കാരണമാകുന്നത് നടന്‍ വിവേക് ഒബ്റോയിയെ കുറിച്ചുള്ള പരാമര്‍ശമാണ്.
ആര്‍ജിവി ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി വിവേക് ഒബ്‌റോയ് അന്ധേരിയിലെ ഒരു ഗുണ്ടാ കോളനിയില്‍ പോയി താമസിച്ച്, അവരുടെ രീതികള്‍ പഠിച്ചുവെന്നുമാണ് സിനിമയില്‍ പറയുന്ന ഒരു ഡയലോഗ്. ഇതില്‍ പകുതി സത്യമാണ്, എന്നാല്‍ കുറച്ച് വിവേക് അതിശയോക്തി കലര്‍ത്തി പറഞ്ഞതാണ് എന്നുമാണ് ആര്‍ജിവി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
”അത് പകുതി ശരിയാണ്. വിവേക് അത് കുറച്ച് കൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വയം കുറച്ച് വര്‍ക്ക് ചെയ്തുവെന്നത് സത്യമാണ്. അദ്ദേഹം മേക്കപ്പൊക്കെ ചെയ്തിട്ട് വന്നു. അദ്ദേഹത്തിന്റെ ലുക്ക് ഒരു ചേരിയിലെ ഗ്യാങ്സ്റ്ററിന് ചേരുന്നതാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു.”
”ഗ്യാങ്സ്റ്റേഴ്‌സിനൊപ്പം സമയം ചെലവഴിച്ചു എന്നതൊക്കെ കുറച്ച് അതിശയോക്തിയാണ്” എന്നാണ് ആര്‍ജിവി പറഞ്ഞത്. അതേസമയം, കമ്പനി എന്ന സിനിമയിലെ ചന്ദു എന്ന കഥാപാത്രത്തിനായി ചേരിയില്‍ താമസിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
താന്‍ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ തന്റെ രൂപം ആ കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് ആര്‍ജിവിക്ക് തോന്നി. അതിനാല്‍ മൂന്ന് ആഴ്ചയോളം താന്‍ ഒരു ചേരിയില്‍ പോയി താമസിക്കുകയും അവിടെയുള്ള ആളുകളുടെ സ്വഭാവവും സംസാര രീതികളും പഠിക്കുകയുമായിരുന്നു എന്നായിരുന്നു വിവേക് ഒബ്റോയ് പറഞ്ഞത്.