ഏഴ് ദിവസവും കുഞ്ചാക്കോ ബോബന്‍ വന്ന് അഭിനയിച്ചു, സുനില്‍ രാജ് പറഞ്ഞത് തെറ്റ്: നിര്‍മ്മാതാവ്

കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയ സുനില്‍ രാജിനെതിരെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാവ് അജിത് തലപ്പിള്ളി. കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്കായി ഏഴ് ദിവസത്തെ ഡേറ്റ് ആണ് തന്നത്, ഈ ഏഴ് ദിവസവും അദ്ദേഹം വന്ന് അഭിനയിച്ചിരുന്നു എന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ എല്ലാ സീനുകളും ചെയ്തത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. സുനില്‍ രാജ് അഭിനയിച്ചത് സജഷന്‍ സീനുകളില്‍ അദ്ദേഹം ഇരിക്കുന്നതു പോലെയുള്ള രംഗങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാവ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. സുനില്‍ രാജ് എന്തുകൊണ്ടാണ് വാസ്തവവിരുദ്ധമായ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അജിത് പറഞ്ഞു.

അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളില്‍ അഭിനയിച്ചത് താനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുനില്‍ രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

”പുറത്തു വിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു സുനില്‍ രാജ് സിനിമയില്‍ അഭിനയിച്ച വിവരം പുറത്തുവിട്ടത്.

Read more

പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോയുമായി നടന്‍ രംഗത്തെത്തി. കുഞ്ചാക്കോ ബോബന് തിരക്കുള്ള സമയത്ത് ചില സജഷന്‍ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് രംഗങ്ങളാണ് താന്‍ ചെയ്തതെന്ന് പറഞ്ഞാണ് സുനില്‍ വീഡിയോ പങ്കുവച്ചത്.