പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ വളരെ വൃത്തികെട്ടവനായ കടല്‍ക്കൊള്ളക്കാരന്‍, എഴുതി വന്നപ്പോള്‍ 30 ശതമാനം ചരിത്രവും 60 ശതമാനം ഭാവനയുമായി: പ്രിയദര്‍ശന്‍

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. അറേബ്യന്‍ ചരിത്രത്തിലും പോര്‍ച്ചുഗീസ് ചരിത്രത്തിലും മരക്കാര്‍ക്കുള്ള വ്യത്യസ്ത സ്ഥാനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

സിനിമയില്‍ ചരിത്രം വിശ്വസനീയമായ രീതിയില്‍ ചിത്രീകരിക്കുക എന്നതയിരുന്നു പ്രധാന വെല്ലുവിളി. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അറേബ്യന്‍ ചരിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും അതേസമയം, പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ വളരെ വൃത്തികെട്ടവനായ കടല്‍ക്കൊള്ളക്കാരനാണെന്നും മനസിലായി.

രണ്ട് ചരിത്രങ്ങളില്‍ ഒരേ ആളിന്റെ രണ്ട് മുഖങ്ങള്‍. ചരിത്രത്തെപ്പറ്റി എപ്പോഴും പറയുന്നത് ‘വിജയിക്കുന്നവനാണ് ചരിത്രമെഴുതുന്നത്’ എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ അറേബ്യന്‍ ആണോ പോര്‍ച്ചുഗീസ് ആണോ ശരിയായ ചരിത്രം എന്ന് വീണ്ടും അന്വേഷിച്ചു, സന്ദേഹിച്ചു. കുറെ ചരിത്രം വായിച്ചപ്പോള്‍ കൂടുതല്‍ ചിന്താക്കുഴപ്പമായി.

കാരണം ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ചരിത്രത്തില്‍ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളതെന്ന് മനസിലായി. എഴുതി വന്നപ്പോള്‍ 30 ശതമാനം ചരിത്രവും 60 ശതമാനം ഭാവനയുമായി മരക്കാര്‍ മാറി.

തന്റെ മനസിലെ വീരപുരുഷനെ കുറിച്ചുള്ള അപൂര്‍ണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന് നടുവിലിരുന്നാണ് ഞാന്‍ മരക്കാരെ സങ്കല്പിക്കാന്‍ തുടങ്ങിയത്. പൂരിപ്പിക്കപ്പെടേണ്ട ഒരു ജീവിതത്തെ മനസില്‍ കണ്ടു. എഴുതി വന്നപ്പോള്‍ 30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമായി മരക്കാര്‍ എന്ന സിനിമ.

Read more

സിനിമ കണ്ടിറങ്ങുന്ന സാധാരണക്കാരന്റെ മനസില്‍ കുഞ്ഞാലി മരക്കാര്‍ എന്ന വീരപുരുഷനെ പ്രതിഷ്ഠിക്കാന്‍ സാധിക്കണം. ഇങ്ങനെയല്ലാതെ ഇതെടുത്താല്‍ മരക്കാര്‍ ഒരു ഡോക്യുമെന്ററി മാത്രമായി മാറും എന്നാണ് മാതൃഭൂമിയ്ക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ പ്രിയദര്‍ശന്‍ പറയുന്നത്.