സിനിമയ്‌ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി.. ആദ്യ ഷോട്ട് മുതല്‍ അവസാന ഷോട്ട് വരെ ബ്ലെസി ഒരുപാട് കരഞ്ഞു, അതാണ് ആടുജീവിതം: പൃഥ്വിരാജ്

സിനിമാപ്രേമികള്‍ ഇതുപോലെ കാത്തിരിക്കുന്ന മറ്റൊരു സിനിമ കാണില്ല… അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കോവിഡ് പശ്ചാത്തലത്തില്‍ നാലര വര്‍ഷത്തോളം സിനിമയുടെ ചിത്രീകരണം നീണ്ടു പോയിരുന്നു.

2008ല്‍ ആയിരുന്നു ആടുജീവിതം അഭ്രപാളിയില്‍ എത്തിക്കാന്‍ ബ്ലെസിയും പൃഥ്വിരാജും തീരുമാനിച്ചത്. എന്നാല്‍ സിനിമ തുടങ്ങാന്‍ പത്തു വര്‍ഷം എടുത്തു. സിനിമയുടെ ബജറ്റും സിനിമയെ കുറിച്ചുള്ള ബ്ലെസിയുടെ വിഷനും നിര്‍മാതാക്കള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തായതിനാലാണ് അത്രയും വര്‍ഷത്തെ താമസമുണ്ടായത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

”2018ല്‍ ആടുജീവിതം ഷൂട്ടിംഗ് തുടങ്ങി. ആദ്യ ദിവസം, ആദ്യ ഷോട്ട് എടുക്കുന്നതിന് തൊട്ടുമുമ്പ് ബ്ലെസി എന്റെ അടുത്തു വന്നു. എന്നെ ആശ്ലേഷിച്ച ശേഷം പത്തു മിനിറ്റോളം അദ്ദേഹം കരയുകയായിരുന്നു. അന്ന് എനിക്ക് മനസിലായ കാര്യം ആ മനുഷ്യന്‍ പത്തു വര്‍ഷങ്ങളായി ഒരു സിനിമക്ക് മാത്രമായി പണിയെടുക്കുകയായിരുന്നു എന്നതാണ്. പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.”

”തുടക്കത്തില്‍ ഞങ്ങള്‍ കരുതിയത്, ആടുകളെ വിദേശത്ത് നിന്നുമെത്തിച്ച് രാജസ്ഥാനില്‍ വലിയൊരു ഭാഗം ഷൂട്ട് ചെയ്യാമെന്നായിരുന്നു. 250 ആടുകളെ സൗദിയില്‍ നിന്നും വാങ്ങി കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ എത്തിക്കാനുള്ള പദ്ധതികളെല്ലാം റെഡിയായിരുന്നു. എന്നാല്‍, അവസാന നിമിഷം മൃഗസംരക്ഷണ വകുപ്പ് അതിന് അനുമതി നല്‍കിയില്ല. അതോടെ, മറ്റു സ്ഥലങ്ങളെ കുറിച്ചായി അന്വേഷണം.”

”ദുബായ്, അബൂദാബി, സൗദി അറേബ്യ, മൊറോക്കോ, ഒമാന്‍ തുടങ്ങി ലോകത്തിന്റെ പലയിടങ്ങളെ കുറിച്ചും ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 2019ല്‍ ആ അന്വേഷണം ജോര്‍ദനില്‍ അവസാനിച്ചു. അങ്ങനെയാണ് ഷൂട്ടിംഗ് ജോര്‍ദാനില്‍ ആരംഭിക്കുന്നത്. ആടുജീവിതത്തിലെ കഥാപാത്രം ചെയ്യാനായി 30 കിലോ ഭാരം കുറക്കേണ്ടതുണ്ടായിരുന്നു.”

”എത്ര ദിവസം വേണ്ടിവരുമെന്ന് ബ്ലെസി ചോദിച്ചപ്പോള്‍ ആറു മാസം എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍, അതിനേക്കാള്‍ വേഗത്തില്‍ ലക്ഷ്യം കണ്ടു. നാലഞ്ച് മാസമായപ്പോള്‍ തന്നെ 31 കിലോ കുറഞ്ഞു. പട്ടിണി കിടന്നൊക്കെയായിരുന്നു അത്രയേറെ മെലിഞ്ഞത്. 45 ദിവസത്തെ ഷെഡ്യൂളില്‍ സിനിമ തീരുമെന്ന് ചിന്തിച്ചും സ്വയം പ്രചോദിപ്പിച്ചും ഞാന്‍ ആവേശത്തോടെ മുമ്പോട്ടു പോയി.”

”ആറു ദിവസം ഷൂട്ടിംഗ് പിന്നിടവേ, എല്ലാ കണക്കുകൂട്ടലും തകര്‍ത്ത് കോവിഡ് എത്തി. ഷൂട്ടിംഗ് അതോടെ തടസപ്പെട്ടു. ഒന്നര വര്‍ഷത്തിന് ശേഷം, റോളിന്റെ തുടര്‍ച്ച കിട്ടാനായി വീണ്ടും എനിക്ക് ശരീരഭാരം കുറക്കണമായിരുന്നു. ഒടുവില്‍ എല്ലാം ഭംഗിയായി ഒത്തുവന്നു. അള്‍ജീരിയ ഉള്‍പ്പെടെ കൂടുതല്‍ വര്‍ണമനോഹരമായ ഇടങ്ങളില്‍ ഞങ്ങള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു.”

Read more

”കേരളത്തില്‍ ഷൂട്ടുചെയ്ത ക്ലൈമാസിന്റെ അവസാനഷോട്ടിനു ശേഷം ബ്ലെസി വീണ്ടും എന്റെ അടുക്കല്‍വന്നു. എന്നെ കെട്ടിപ്പിടിച്ചു, ഒരുപാട് കരഞ്ഞു. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കവേ, 2008 മുതല്‍ 2023 വരെയുള്ള 15 വര്‍ഷത്തിനിടെ, ബ്ലെസി എന്ന സംവിധായകന്‍ ഒരു പടം മാത്രമാണ് ചെയ്തത്. അതാണ് ആടുജീവിതം” എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത്.