സിനിമയ്ക്ക് ഞാൻ പ്രതിഫലം വാങ്ങാറില്ല, പണം കിട്ടാത്ത സാഹചര്യവും ഉണ്ടാകും: പൃഥ്വിരാജ്

സിനിമയ്ക്ക് താൻ പ്രതിഫലം വാങ്ങാറില്ലെന്നും താരങ്ങളുടെ പ്രതിഫലത്തേക്കാൾ കൂടുതൽ പണം ചിത്രത്തിന്റെ നിർമാണത്തിനാണ് ചിലവാകുന്നത്‌ എന്നും പൃഥ്വിരാജ്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം എന്നും ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന അഭിമുഖത്തിൽ നടൻ പറഞ്ഞു.

‘ഞാൻ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡ് നടൻ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിർമാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’ പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത് ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഷൂട്ടിം​ഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയിൽ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാൽ പ്രതിഫലത്തെക്കാൾ കൂടുതൽ കിട്ടാറുണ്ട് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.