കേരള സ്‌റ്റോറിയില്‍ കാണിച്ചതെല്ലാം യഥാര്‍ത്ഥമാണെന്ന് മലയാളികള്‍ തന്നെ പറയുന്നു, പലരും മെസേജ് അയക്കുന്നുണ്ട്: നടന്‍ വിജയ് കൃഷ്ണ

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 135 കോടി രൂപ നേടിയിരിക്കുകയാണ് ‘ദ കേരള സ്റ്റോറി’. ഇന്നലെ മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കുകയാണ് ദ കേരള സ്റ്റോറി.

ചിത്രത്തില്‍ ഐസ്‌ഐസ് ഭീകരനായി വേഷമിട്ട താരമാണ് വിജയ് കൃഷ്ണ. ചിത്രത്തെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ കേസിന് ദൃക്‌സാക്ഷികളായ പലരില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട് എന്നാണ് വിജയ് ഇപ്പോള്‍ പറയുന്നത്.

”സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥമാണ്. ഇത് സത്യമാണ്, ഞങ്ങള്‍ക്ക് സംഭവിച്ച കാര്യമാണ് എന്നൊക്കെ പറഞ്ഞ് കേരളത്തില്‍ നിന്നും പലരും ഞങ്ങള്‍ക്ക് മെസേജ് അയക്കുന്നുണ്ട്. അത് ഞാന്‍ വിശ്വസിക്കുന്നു. ഒന്നോ രണ്ടോ ആളുകള്‍ക്കാണ് ഇത് സംഭവിച്ചതെങ്കിലും ഈ കഥ സംസാരിക്കേണ്ടത് തന്നെയാണ്” എന്നാണ് വിജയ് കൃഷ്ണ പറയുന്നത്.

അതേസമയം, ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ രണ്ടാമത്തെ ചിത്രമാണ് ദ കേരള സ്‌റ്റോറി. ഷാരൂഖ് ഖാന്റെ ‘പഠാന്‍’ ആണ് ഒന്നാമത്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു സിനിമയുടെ റിലീസ്. കേരളത്തിലും തമിഴ്നാട്ടിലും വലിയ രീതിയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന പ്രമേയമാണ് പ്രതിഷേധത്തിന് കാരണമായത്. കേരളത്തില്‍ വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ കൂടുതല്‍ ഷോകള്‍ വരുന്നുണ്ട്.

കൊച്ചിയില്‍ മാത്രം പത്തിന് അടുത്ത് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലും ബംഗാളിലും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദാ ശര്‍മ്മയാണ് നായികയായി എത്തിയത്.