സീരീസായ കഥാപാത്രങ്ങളില്‍ നിന്ന് ഈ കുസൃതി ക്യാരക്ടറിലേക്ക് എത്തിയപ്പോള്‍ ശരിയാകുന്നുണ്ടോ എന്ന സംശയമുണ്ടായിരുന്നു: നാല്പത്തിയൊന്നിനെ കുറിച്ച് നിമിഷ

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ചിത്രത്തില്‍ നായികയായെത്തുന്നത് നിമിഷ സജയനാണ്. സിനിമകളില്‍ സീരീസ് റോളുകളില്‍ പ്രേക്ഷകര്‍ കണ്ട നിമിഷയുടെ മുഖത്ത് കുസൃതി നിറച്ചിരിക്കുകയാണ് ലാല്‍ ജോസ് ചിത്രത്തില്‍. ഭാഗ്യസൂയം എന്ന കഥാപാത്രത്തെയാണ് നിമിഷ നാല്പത്തിയൊന്നില്‍ അവതരിപ്പിക്കുന്നത്. സീരീസായ കഥാപാത്രങ്ങളില്‍ നിന്ന് ഈ കുസൃതി ക്യാരക്ടറിലേക്ക് എത്തിയപ്പോള്‍ ശരിയാകുന്നുണ്ടോ എന്ന സംശയമുണ്ടായിരുന്നു എന്നാണ് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പഹ്കുവെച്ച് നിമിഷ പറഞ്ഞത്.

“രണ്ടുവര്‍ഷംമുമ്പാണ് ലാല്‍ജോസ് ചേട്ടന്‍ എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ചിത്രത്തിലെ ഭാഗ്യസൂയം. ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നതല്ലെങ്കിലും ഏറെ അഭിനയപ്രധാന്യമുള്ളതാണ് കോളേജ് പെണ്‍കുട്ടിയും വര്‍ക്കിങ് വുമണുമായ ഈ കഥാപാത്രം.”

“കഴിഞ്ഞ ചിത്രങ്ങളില്‍ വളരെ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ ഈ കുസൃതി ക്യാരക്ടര്‍ ചെയ്യുമ്പോള്‍ ശരിയാകുന്നുണ്ടോ എന്ന സംശയമുണ്ടായിരുന്നു. ലാല്‍ചേട്ടന്‍ അതെല്ലാം മാറ്റിയെടുത്തു. ഞാന്‍ ഇതുവരെ ചെയ്തുവന്ന അഭിനയത്തിന്റെ സ്‌കൂളില്‍നിന്നുള്ള വലിയ മാറ്റമാണ് അവിടെ കണ്ടത്. ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ അനുവദിച്ച ഫ്രീഡത്തില്‍ അതെല്ലാം മാറ്റിയെടുത്തു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നിമിഷ പറഞ്ഞു.

ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും.