അമ്മയ്ക്ക് ഭൂമി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടില്ല, സംഭവിച്ചത് ഇതാണ്; തുറന്നുപറഞ്ഞ് നാസര്‍ ലത്തീഫ്

അമ്മ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സിദ്ദിഖ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ നാസര്‍ ലത്തീഫ്. ഇല്ലാത്ത ഭൂമി ‘അമ്മ’യ്ക്കു നല്‍കാമെന്ന് പറഞ്ഞ് താരസംഘടനയെ താന്‍ കബളിപ്പിച്ചിട്ടില്ലെന്ന് നാസര്‍ ലത്തീഫ് പറഞ്ഞു.

‘എന്റെ ഉടമസ്ഥതയില്‍ ഏഴുപുന്നയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് ദാനമായി നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലമേറ്റെടുക്കാന്‍ ‘അമ്മ’ തയാറായില്ല. സിനിമാ രംഗത്തുള്ള, വീടില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനായിരുന്നു ഈ ഭൂമി കൈമാറാമെന്ന് തീരുമാനിച്ചത്.

ഇതിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ഇടവേള ബാബുവിന് രണ്ടുവര്‍ഷം മുന്നേ നല്‍കിയിരുന്നു. രണ്ടു സെന്റില്‍ വീതം രണ്ടുനിലയുള്ള ചെറിയ വീടുകള്‍ എന്നതായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് പല തവണ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അമ്മ ഭാരവാഹികളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

Read more

ഇതേ തുടര്‍ന്ന് പാട്ടുകാരായ സീറോ ബാബു, ഇബ്രാഹിം തുടങ്ങി ഏതാനും പേര്‍ക്ക് ആ ഭൂമി താന്‍ തന്നെ റജിസ്റ്റര്‍ ചെയ്തു നല്‍കി. അവിടെ ഇപ്പോള്‍ നാലുവീടുകള്‍ പൂര്‍ത്തിയായി. നാലുവീടുകളുടെ കൂടി നിര്‍മാണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയില്‍ സിദ്ദിഖ് ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹം പറഞ്ഞു.