ചക്കരയുടെ ജീവന്‍ പോയത് അശ്രദ്ധ കൊണ്ട്, മകളാണ് പൊലീസില്‍ പരാതി നല്‍കിയത്, ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: നാദിര്‍ഷ

വളര്‍ത്തു പൂച്ചയെ കൊന്നന്നെ പരാതിയില്‍ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് സംവിധായകന്‍ നാദിര്‍ഷ. പൂച്ച തന്റെ വീട്ടിലെ ഒരംഗം തന്നെയായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്. സ്‌നേഹിച്ച് വളര്‍ത്തിക്കഴിഞ്ഞാല്‍ നമുക്ക് മക്കളെപ്പോലെ തന്നെയാകും വളര്‍ത്തുമൃഗങ്ങളും, അതുപോലെ ആയിരുന്നു തങ്ങള്‍ക്ക് ചക്കര എന്നാണ് നാദിര്‍ഷ മാതൃഭൂമിയോട് പ്രതികരിച്ചത്.

താനും അനുജന്‍ സമദും അരുമമൃഗങ്ങളെയും പക്ഷികളെയും ഏറെ സ്‌നേഹിക്കുന്നയാളാണ്. സമദ് ഒരുപാട് പൂച്ചകളെയും പക്ഷികളെയുമൊക്കെ പലയിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്നയാളാണ്. തന്റെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും പൂച്ചകളെന്ന് വച്ചാല്‍ ജീവനാണ്. ഖദീജയാണ് പലപ്പോഴും പൂച്ചയെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുള്ളത്.

അവള്‍ തന്നെയാണ് പരാതി എഴുതി പൊലീസിന് കൊടുത്തതും. പേര്‍ഷ്യന്‍ ഇനമായ ചക്കരയുടെ വിലയല്ല ഇവിടത്തെ പ്രശ്‌നം. നമ്മളെപ്പോലെ ജീവനുള്ള ഒരു മൃഗം തന്നെയായിരുന്നു ചക്കര. അതിന്റെ ജീവന്‍ അശ്രദ്ധ മൂലം കവര്‍ന്നെടുത്തതിലെ അവകാശ ലംഘനവും സങ്കടവുമാണ് തന്റെ പ്രശ്‌നം.

Read more

ഓരോ ജീവനും വിലപ്പെട്ടതല്ലേ. പൂച്ചയ്ക്ക് അനസ്തീസ്യ കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് മരണകാരണമാകും. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. ഒരു മിണ്ടാപ്രാണിക്കും ഇനി ഇങ്ങനൊരു അവസ്ഥ വരാതിരിക്കാനാണ് പ്രതികരിക്കുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.