'എന്റെ സുഹൃത്തിന് നീതി കിട്ടണം, എന്നും അതിജീവിതക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ ആസിഫ് അലി

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടൻ ആസിഫ് അലി. കോടതി വിധിയെ മാനിക്കുന്നുവെന്നും അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ആസിഫ് അലി പറഞ്ഞു. എന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും തന്റെ സുഹൃത്തിന് നീതി കിട്ടണമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.

കോടതി വിധിയെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. കോടതി വിധി സ്വീകരിക്കുക എന്നുള്ളതാണ്. കോടതി വിധി മാനിക്കുന്നു. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയായിട്ടാണ് തോന്നുന്നത്. ശിക്ഷിക്കപ്പെടണമെന്ന് കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നും ആസിഫ് അലി പറഞ്ഞു.

ഏത് സമയത്തും അതിജീവിതയ്ക്ക് ഒപ്പമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ശിക്ഷയെ കുറിച്ചും വിധിയെ കുറിച്ചുമൊന്നും അഭിപ്രായം പറയാനുള്ള ആളല്ല ഞാന്‍. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന വിഷയമാണ്. വ്യാഖ്യാനിക്കപ്പെടാന്‍ ഒരുപാട് സാധ്യതകളുള്ള വിഷയമാണ്. പറയുന്നത് വളരെ മനസിലാക്കി കൃത്യതയോടെ പറയണം. പല സമയത്തും പല അഭിപ്രായങ്ങള്‍ പറഞ്ഞത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങളിലേക്കൊക്കെ പോയിട്ടുണ്ട്. എന്താണോ പറയാനുള്ളത് അത് കൃത്യമായി മനസിലാക്കി ക്ലാരിറ്റിയോടെ പറയുക എന്നുള്ളതാണെന്നും ആസിഫ് അലി വ്യക്തമാക്കി.

Read more