വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല.. മിന്നായം പോലെ മോഹന്‍ലാലിനെയും കണ്ടേക്കാം: ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ നായികയാവുന്ന ‘തുടക്കം’ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കാമിയോ റോള്‍ പ്രതീക്ഷിക്കാമെന്ന് ഉറപ്പ് നല്‍കി സംവിധായകന്‍ ജൂഡ് ആന്തണി. ജൂഡ് അവസരം തന്നാല്‍ സിനിമയില്‍ ഒന്ന് മിന്നിമറഞ്ഞു പോകുമെന്ന് മോഹന്‍ലാലും മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തില്‍ വിസ്മയ മോഹന്‍ലാലിന്റെ പേര് മീനു എന്നായിരിക്കും. ‘തുടക്കം’ ഒരു സാധാരണ കുടുംബ ചിത്രമായിരിക്കുമെന്നും എന്നും ജൂഡ് ആന്തണി വ്യക്തമാക്കി.

”സിനിമയുടെ കഥ തന്നെയായിരിക്കും മെയിന്‍. ഇതൊരു ആക്ഷന്‍ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. ഇതിലൊരു ആക്ഷന്‍ ഉണ്ടെന്ന് മാത്രമെയുള്ളൂ. വിസ്മയ ഈ കഥാപാത്രം ചെയ്യാന്‍ അനുയോജ്യയാണ് എന്ന് തോന്നിയത് കൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങള്‍ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ.”

”ജീവിതത്തില്‍ വ്യത്യസ്തമായ താല്‍പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹന്‍ലാല്‍. അവര്‍ കവിത എഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും. എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങള്‍ ഞാന്‍ വിസ്മയയില്‍ നിന്ന് എടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ സാറിനോട് ഞാന്‍ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയില്‍ കണ്ടേക്കാം” എന്നാണ് ജൂഡ് ആന്തണി പറയുന്നത്.

Read more

അതേസമയം, വ്യാഴാഴ്ച രാവിലെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ നടന്നത്. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.