ആ സങ്കടത്തിന് പരിഹാരമായി, മിമിക്രി അംഗീകരിക്കപ്പെട്ടതോടെ ഞങ്ങളും അംഗീകരിക്കപ്പെടുന്നു; പ്രതികരിച്ച് ടിനി ടോമും മഹേഷ് കുഞ്ഞുമോനും

മിമിക്രി ഇനി സര്‍ക്കാര്‍ അംഗീകൃത കലാരൂപം. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്ത് വര്‍ഷമായുള്ള ആവശ്യമായിരുന്നു.

ഇതോടെ മിമിക്രി കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാതിനിധ്യം കിട്ടും. മറ്റ് കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്‍ക്കും പരിഗണന കിട്ടും.

ഈ അംഗീകാരം മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ടിനി ടോം പ്രതികരിച്ചു. ”കലോത്സവങ്ങളില്‍ മറ്റ് കലകള്‍ക്കൊപ്പം മിമിക്രിയെ നേരത്തേ തന്നെ അംഗീകരിച്ചിരുന്നു. സംഗീതനാടക അക്കാദമിയില്‍ ഇടമില്ലാതിരുന്നതില്‍ വിഷമം തോന്നിയിട്ടുണ്ട്.”

”ഇപ്പോള്‍ ഞങ്ങളുടെ ആ സങ്കടത്തിനാണ് പരിഹാരമായിരിക്കുന്നത്” എന്നാണ് ടിനി ടോം പറയുന്നത്. മിമിക്രി അംഗീകരിക്കപ്പെടുന്നതോടെ താന്‍ അടക്കം ഒരുപാട് പേര്‍ അംഗീകരിക്കപ്പെടുകയാണെന്ന് മഹേഷ് കുഞ്ഞുമോന്‍ പ്രതികരിച്ചു.

”വേദികളില്‍ കിട്ടിയ കൈയടികളെ വലിയ അംഗീകാരമായാണ് കാണുന്നത്. എന്നാല്‍, അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പുരസ്‌കാരങ്ങളും. മിമിക്രി അംഗീകരിക്കപ്പെടുന്നതോടെ ഞങ്ങള്‍ ഒരുപാടുപേര്‍ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്” എന്നാണ് മഹേഷ് പറയുന്നത്.