മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ബജറ്റ് പരീക്ഷണ ചിത്രമായിരിക്കും 'ആട് 3': മിഥുന്‍ മാനുവല്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ ആടിന്റെ മൂന്നാം ഭാഗം “ആട് 3” പ്രഖ്യാപിച്ചത്. ഇത് മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ബജറ്റ് പരീക്ഷണ ചിത്രമായിരിക്കുമെന്ന മിഥുന്‍ പറയുന്നു. ആദ്യ പകുതിയും ക്ലൈമാക്‌സും സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി എന്നും ഇനി ബാക്കിയുള്ള ഭാഗം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും മിഥുന്‍ പറഞ്ഞു.

“സിനിമയ്ക്ക് വിപുലമായ പ്രത്യേക ഇഫക്റ്റുകളുണ്ട്. സിജിഐ ഉപയോഗിക്കും, അതിനാലാണ് ഇത് ഒരു വലിയ ബജറ്റ് സിനിമയാണെന്ന് പറഞ്ഞത്. മോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആശയം ഉള്‍ക്കൊള്ളുന്ന ഒരു പരീക്ഷണാത്മക ചിത്രമാണിത്. ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ എന്നിവരുള്‍പ്പെടെ കഴിഞ്ഞ രണ്ട് സിനിമകളിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കും. പിങ്കി ആട് ഷാജി പാപ്പന്റെ വീട്ടിലായിരിക്കും. മാത്രമല്ല അവളുടെ ചില ദൃശ്യങ്ങള്‍ മാത്രമേ കാണിക്കൂ. കഥാപാത്രങ്ങള്‍ അവളില്‍ നിന്ന് വളരെ ദൂരം പിന്നിട്ടിരിക്കുന്നു.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു.

ആട് 3 ത്രീഡിയിലാകും ഒരുങ്ങുകയെന്ന് മിഥുന്‍ മാനുവല്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍ ഭാഗങ്ങള്‍ ഒരുക്കിയ വിജയ് ബാബു തന്നെയാണ് ആട് 3യും നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.