ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് അഭിനയിപ്പിച്ചു; പ്രതിഫലം ചോദിച്ചപ്പോൾ അസ്സോസിയേഷനിൽ പരാതിപ്പെട്ടു; വെളിപ്പെടുത്തലുമായി മറീന മൈക്കിൾ

ഷൈന്‍ ടോം ചാക്കോയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

‘വയസ് എത്രയായി’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് അലർജി കാരണം ഗുരുതരമായ ശ്വാസതടസം നേരിട്ടുവെന്നും എന്നാൽ
ആശുപത്രിയിൽ കാണിച്ചതിന് ശേഷം ഡോക്ടർ ബെഡ് റസ്റ്റ് പറഞ്ഞിരുന്നെന്നും എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അന്നുതന്നെ അഭിനയിപ്പിച്ചെന്നും ശമ്പളം ചോദിച്ചപ്പോൾ തനിക്കെതിരെ സംഘടനയിൽ പരാതി നൽകിയെന്നും മറീന മൈക്കിൾ പറയുന്നു.

“വയസ് എത്രയായി എന്നൊരു സിനിമയില്‍ പ്രശാന്ത് മുരളിയ്‌ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഉണ്ടായ സംഭവമാണ്. ഡസ്റ്റ് അലര്‍ജിയായതിനാല്‍ എനിക്ക് മൂന്ന് ദിവസം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. നാലാമത്തെ ദിവസം പ്രൊഡക്ഷനിലെ ചേട്ടന്‍ ചായയുമായി വരുമ്പോള്‍ എനിക്ക് തീരെ ശ്വാസം കിട്ടുന്നില്ല. അവര്‍ എന്നെ ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയി.

വടകരയിലെ ഒരു ആശുപത്രിയിലേക്കാണ് പോയത്. അവര്‍ മൂന്ന് ദിവസം ബെഡ് റെസ്റ്റ് പറഞ്ഞു. പരിപൂര്‍ണമായ റെസ്റ്റ് ആയിരുന്നു നിര്‍ദ്ദേശിച്ചത്. ശ്വാസം കിട്ടാത്തതിനാല്‍ നെബുലൈസ് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്നെ ഐസിയുവില്‍ ഇരുത്തിയിരിക്കുകയായിരുന്നു. പക്ഷെ പ്രെഡ്യൂസര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോക്ടറേയും കൂട്ടി വന്ന് എന്നെ അവിടെ നിന്നും ഡിസ്ചാര്‍ജ് ആക്കി, എന്നെക്കൊണ്ട് വര്‍ക്ക് ചെയ്യിപ്പിക്കുകയും ചെയ്തു.

അന്നത്തെ ദിവസം വര്‍ക്ക് ചെയ്യിപ്പിച്ച് പിറ്റേ ദിവസം ഓഫ് തന്നു. അത്രയും മോശം അവസ്ഥയായിരുന്നു. എന്നിട്ട് ഇതേ ആളുകള്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ വിളിച്ച് ഞാന്‍ സഹകരിക്കുന്നില്ല എന്ന് പരാതിപ്പെട്ടു. അസോസിയേഷനില്‍ നിന്നും ഓരോരുത്തരായി വിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രതിഫലം ചോദിച്ചതിന് ശേഷമാണിത്. ലൊക്കേഷനില്‍ വന്ന് ആറേഴ് ദിവസം കഴിഞ്ഞാണ് ആദ്യത്തെ ഷെഡ്യൂളിന്റെ പ്രതിഫലം ചോദിക്കുന്നത്.

Read more

എന്റെ ആരോഗ്യം കൂടെ ത്യജിച്ച് ചെയ്യുന്ന വര്‍ക്കാണ്. പക്ഷെ വന്നപ്പോള്‍ തന്നെ പ്രതിഫലം ചോദിക്കാന്‍ ഇവള്‍ ആരാ എന്ന് പറഞ്ഞ് അവര്‍ അസോസിയേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഇതൊരു നടനായിരുന്നുവെങ്കില്‍ മാറിയേനെ. പ്രശാന്തായിരുന്നു അവിടെയെങ്കില്‍ അവര്‍ പ്രശാന്തുമായി ഇരുന്ന് സംസാരിക്കുമായിരുന്നു.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മറീന പറഞ്ഞത്.