അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് വിട ചൊല്ലുകയാണ് കേരളം. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നും ഓർമകൾ പങ്കുവച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. വിഎസ് അച്യുതാനന്ദനിൽ നിന്നും തന്റെ രണ്ടാമത്തെ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ അഭിമാന നിമിഷം ഓർത്തെടുത്താണ് നടൻ മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ എത്തിയത്.
‘എൻറെ രണ്ടാമത്തെ സംസ്ഥാന അവാർഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസിൽ നിന്ന് വാങ്ങാൻ കഴിഞ്ഞ..ആ നിമിഷത്തെ വളരെ അഭിമാനപൂർവ്വം ഇന്നോർക്കുന്നു. ആദരാഞ്ജലികൾ…പ്രണാമം,’ മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ നടി മഞ്ജു വാര്യരും വിഎസിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും.
Read more
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി”, എന്നായിരുന്നു മഞ്ജു വാര്യരുടെ പോസ്റ്റ്.