സിനിമയില്‍ തനിക്ക് വലിയ കൂട്ടുകെട്ടുകളില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. ആ ഒറ്റപ്പെടലില്‍ താനേറെ സന്തോഷിക്കാറുണ്ട്. തനിക്ക് വേണ്ടി സിനിമ ഒരുക്കാന്‍ സംവിധായകരോ നിര്‍മ്മാണക്കമ്പനികളോ ഇല്ല. താന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് തനിക്ക് ഗുണം ചെയ്യാറുണ്ട് എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.
”ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കാറുണ്ട്. സിനിമയില്‍ എനിക്ക് വലിയ കൂട്ടുകെട്ടുകളില്ല. എനിക്ക് വേണ്ടി സിനിമ ഉണ്ടാക്കാനറിയില്ല, എനിക്ക് വേണ്ടി മാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല, നിര്‍മ്മാണ കമ്പനിയില്ല. ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് എനിക്ക് ഗുണം ചെയ്യാറുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് രേഖാചിത്രം.”
”സിനിമയ്ക്കും കുടുംബത്തിനുമിടയില്‍ എനിക്ക് ഒരു സ്‌പെയ്‌സില്ല. അത് വലിയ ദോഷമായി ചിലര്‍ വിലയിരുത്താറുണ്ട്. എനിക്കത് മതി. ഞാന്‍ ഇവിടെ നൂറ് ശതമാനം തൃപ്തനാണ്. ഒരു ഇടവേള പിന്നിട്ട് വീണ്ടും ജനസമക്ഷത്തിലേക്ക് എത്തുമ്പോള്‍ ആ ഗ്യാപ് അനുഭവപ്പെടാറില്ല. ഇവിടെ നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ജനപ്രിയതയും കിട്ടാറുണ്ട്. 36 വര്‍ഷമായി സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലേ.”
”ഇവിടെ എല്ലാത്തരത്തിലും ഞാന്‍ സംതൃപ്തനാണ്. അഞ്ച് വര്‍ഷം മുമ്പ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന ഒരു പുസ്തകം ഞാന്‍ എഴുതിയിരുന്നു. അതിലെ ആദ്യത്തെ വരി, ‘ഞാന്‍ ഒരു പരിപൂര്‍ണ വിജയിയാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല, പക്ഷേ, ഞാനൊരു പരാജിതനല്ല’ എന്നായിരുന്നു. അത് എന്റെ ആത്മവിശ്വാസമാണ്. ഞാന്‍ ചെയ്തു വച്ച കഥാപാത്രങ്ങള്‍ മറ്റാര്‍ക്കും കിട്ടാത്ത മഹാഭാഗ്യമാണ്.”
”എന്റെ കരിയറിന്റെ തുടക്കകാലത്ത് ‘പെരുന്തച്ചന്‍’ എന്ന സിനിമയിലെ പെര്‍ഫോമന്‍സ് മാത്രം കണ്ടു കൊണ്ടാണ് മലയാള സിനിമയില്‍ മാര്‍ക്കറ്റ് പോലുമില്ലാത്ത എന്നെ ‘ദളപതി’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മണിരത്‌നം സാര്‍ വിളിച്ചത്. അതെല്ലാം വലിയ അഭിമാനമാണ്” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.