ആ പോപ്പുലാരിറ്റി കൊണ്ടായിരിക്കും എന്നെ വിളിച്ചത്, അല്ലാതെ എന്നെയൊന്നും വിളിക്കാന്‍ ഒരു ചാന്‍സുമില്ല: മനോജ് കെ ജയന്‍

1991ല്‍ പെരുന്തച്ചന്‍ എന്ന ഐതിഹ്യകഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് പെരുന്തച്ചന്‍. നിരവധി പുരസ്‌കാരങ്ങള്‍ ഈ സിനിമ വാരിക്കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ താന്‍ എങ്ങനെയാണ് പെരുന്തച്ചനിലേക്കെത്തിപ്പെട്ടതെന്ന് പറയുകയാണ് മനോജ് കെ ജയന്‍. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

‘പെരുന്തച്ചനിലേക്ക് ഒന്നും എന്നെ വിളിക്കേണ്ട ആവശ്യമില്ല. കാരണം ഞാന്‍ ആകെ ചെയ്തത് കുറച്ച് സീരിയലുകളാണ്. അതിന്റെ പോപ്പുലാരിറ്റി കൊണ്ടാവാം എന്നെ പെരുന്തച്ചനിലേക്ക് വിളിച്ചത്, അല്ലാതെ എന്നെയൊന്നും വിളിക്കാന്‍ ഒരു ചാന്‍സുമില്ല.

മംഗലാപുരത്ത് നിന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ വിളിക്കുന്നത്. വിളിച്ചിട്ട് പറഞ്ഞു പെരുന്തച്ചനില്‍ ഒരു മേജര്‍ റോളുണ്ട്, നിങ്ങള്‍ നന്നായി ചെയ്യുമെന്ന് പലരും പറഞ്ഞു അതുകൊണ്ടാണ് വിളിച്ചതെന്ന്.

ഞാന്‍ അമ്മയോട് മാത്രം കാര്യം പറഞ്ഞ് നേരെ പെട്ടി പാക്ക് ചെയ്ത് പോയി. എം.ടി. സാറിന്റെ ഒരു സ്‌ക്രിപ്റ്റിന് വിളിച്ചെങ്കിലും ചെയ്തല്ലൊ, തിരിച്ച് പോകേണ്ടിവന്നാലും കുഴപ്പമില്ല എന്നുകരുതി തന്നെയാണ് പോയത്. അവിടെ എത്തി മൂന്നാമത്തെ ദിവസമായപ്പോള്‍ വേണുവേട്ടനും ഡയറക്ടര്‍ അജയേട്ടനുമുള്ള റൂമിലേക്ക് എന്നെ വിളിപ്പിച്ചു. നിങ്ങളെ ഒന്ന് ടെസ്റ്റ് ചെയ്യാനാണ് ഒരു സീന്‍ വേണുവേട്ടന്റെ കൂടെ ചെയ്ത് കാണിക്കണമെന്ന് പറഞ്ഞു. നെടുമുടി വേണു ചേട്ടന്റെ കൂടെയൊക്കെ ഞാന്‍ എങ്ങനാ ചെയ്യാ. അങ്ങനെ ചെയ്ത് നോക്കി, അത് കഴിഞ്ഞപ്പോള്‍ വേണുചേട്ടന്‍ തന്നെ പറഞ്ഞു, മനോജ് നിനക്ക് ഇത് ചെയ്യാന്‍ പറ്റും, നാളെ നമുക്ക് ഷൂട്ട് തുടങ്ങാം, താഴെ ബാര്‍ബര്‍ ഷോപ്പുണ്ട് പോയി തലമൊട്ടയടിച്ചൊയെന്ന് പറഞ്ഞു,’ മനോജ് കെ. ജയന്‍ പറയുന്നു.